
കടുവ ഭീതിയിൽ വയനാട് മാനന്തവാടി- തൃശിലേരി നിവാസികൾ. കഴിഞ്ഞ ദിവസങ്ങളിൽ കടുവയുടെ കാൽപ്പാടുകൾ ഈ പ്രദേശങ്ങളിൽ കണ്ടെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ വനം വകുപ്പ് ശ്രമം തുടരുകയാണ്.
തൃശിലേരി കൈതവള്ളി മഠം സ്വദേശി ശ്രീനിവാസൻ്റെ വീടിന് സമീപത്താണ് തിങ്കളാഴ്ച വൈകിട്ടോടെ കാൽപാടുകൾ ശ്രദ്ധയിൽപ്പെട്ടത്. മാനന്തവാടി നഗരത്തിൽ നിന്നും രണ്ട് കിലോമീറ്ററോളം മാറി കല്യാട്ട് അയനിക്കാട് ഉന്നതിക്ക് സമീപത്തായി അമ്പലക്കാട്ടിലേക്ക് പോകുന്ന വഴിയിലാണ് പ്രദേശവാസികൾ കടുവയുടെ കാൽപാടുകൾ കണ്ടത്. ഇരു സ്ഥലങ്ങളിലും വനം വകുപ്പ് നടത്തിയ പരിശോധനയിൽ കാൽപാടുകൾ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു.
കടുവയുടെ കാൽപ്പാട് കണ്ട പ്രദേശങ്ങളിലും പരിസരങ്ങളിലും രാത്രികാല പട്രോളിങ്ങുകൾ സജീവമാക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ആർആർടി സംഘമുൾപ്പെടെയുള്ളവരും സ്ഥലത്ത് പരിശോധന തുടരുകയാണ്.