
പാരിസിൽ നടക്കുന്ന ലോക കായികോത്സവത്തിൽ പങ്കെടുക്കാൻ ഇത്തവണ രാജ്യമില്ലാത്തവരുടെ ടീമുമുണ്ട്. പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ സെയ്ൻ നദിയിലൂടെ സ്വന്തം രാജ്യങ്ങളുടെ പേരും പതാകകളും വഹിച്ച് കടന്നുപോയ കായിക താര സംഘങ്ങൾക്കിയിൽ, രാജ്യമില്ലാത്തവരുടെ ഒരു നൗകയും ഉണ്ടായിരുന്നു. 2016ലെ ഒളിംപിക്‌സിൽ 10 അത്‌ലറ്റുകൾ ആണ് അഭയാർത്ഥി ടീമിൻ്റെ ഭാഗമായതെങ്കിൽ, ഈ വർഷം 37 അത്‌ലറ്റുകൾ മത്സരിക്കാനെത്തിയിട്ടുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിനായി, ആവിഷ്കാര സ്വാതന്ത്ര്യത്തിനായി, വ്യക്തിപരമായ ഇഷ്ടങ്ങൾക്കും വിശ്വാസങ്ങൾക്കുമായി നിലകൊണ്ടതിന്, ഭരണകൂടങ്ങളുടെയോ ഭൂരിപക്ഷങ്ങളുടെയോ അമിതാധികാര പ്രയോഗങ്ങൾക്ക് വഴങ്ങാതിരുന്നതിന്, വിശപ്പിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രക്ഷനേടാൻ... തുടങ്ങി നിരവധി ജീവൽസമരങ്ങളുമായി സ്വന്തം രാജ്യങ്ങൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നവരെയാണ് ലോക കായികോത്സവത്തിൽ ഇവർ പ്രതിനിധീകരിക്കുന്നത്.
ലോകവ്യാപകമായി നിർബന്ധിത പലായനത്തിന് വിധേയരായ 10 കോടി ആളുകളുടെ പ്രതിനിധികളായി 37 പേരാണ് 2024 പാരിസ് ഒളിംപിക്സിലെ അഭയാർത്ഥി ടീമിലുള്ളത്. ഇറാനിൽ നിന്നുള്ള താരങ്ങളാണ് ടീമിൽ ഭൂരിപക്ഷവും. 14 താരങ്ങളാണ് ഇറാനിൽ നിന്ന് മാത്രമുള്ളത്. ഇറാന് പുറമെ സിറിയ, അഫ്‌ഗാനിസ്ഥാൻ, സുഡാൻ, തെക്കൻ സുഡാൻ, എറിട്രിയ, എത്യോപ്യ, ക്യൂബ, വെനസ്വേല, കാമറൂൺ, കോംഗോ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്.