
ടെസ്റ്റ് ക്രിക്കറ്റിൽ എതിരാളികൾ ഇന്ത്യൻ ടീമാണെങ്കിൽ സെഞ്ചുറി അടിച്ചിട്ടേ മടങ്ങൂവെന്ന് വാശിയുള്ള ചില ക്രിക്കറ്റർമാരുണ്ട്. അക്കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ അവതാരമാണ് ഓസീസിൻ്റെ ട്രാവിസ് ഹെഡ്. സമീപകാലത്ത് ഇന്ത്യക്കെതിരെയുള്ള നിർണായക മത്സരങ്ങളിലെല്ലാം താരം നൂറടിച്ചിട്ടേ പവലിയനിലേക്ക് തിരിച്ചുകയറിയിട്ടുള്ളൂ. ഇന്ത്യക്കെതിരായ കഴിഞ്ഞ നാല് ടെസ്റ്റ് മത്സരങ്ങളിൽ മൂന്ന് സെഞ്ചുറിയാണ് ഹെഡ് അടിച്ചുകൂട്ടിയത്.
എന്നാൽ ഇന്ത്യക്കെതിരെ ടെസ്റ്റ് ഫോർമാറ്റിൽ കൂടുതൽ സെഞ്ചുറി നേടിയവരിൽ മുൻനിരയിൽ രണ്ട് ഇതിഹാസ താരങ്ങളാണുള്ളത്. ഇംഗ്ലണ്ടിൻ്റെ മധ്യനിര ബാറ്ററായ ജോ റൂട്ടും ഓസ്ട്രേലിയൻ സീനിയർ താരമായ സ്റ്റീവൻ സ്മിത്തുമാണ് ഇന്ത്യയെ പ്രഹരിപ്പിക്കുന്നവരിൽ മുന്നിൽ. ഇരുവരും 10 വീതം സെഞ്ചുറികളാണ് ഇന്ത്യക്കെതിരെ നേടിയത്.
ഇന്ത്യക്കെതിരെ 55 ഇന്നിങ്സുകളാണ് റൂട്ട് കളിച്ചിട്ടുള്ളത്. 41 ഇന്നിങ്സുകളിൽ നിന്നാണ് സ്മിത്ത് 10 സെഞ്ചുറികൾ നേടിയത്. ഇന്ത്യക്കെതിരെ 8 വീതം സെഞ്ചുറികൾ നേടിയ മൂന്ന് വിദേശ താരങ്ങളുണ്ട്. വെസ്റ്റ് ഇൻഡീസിൻ്റെ ഇതിഹാസ താരങ്ങളായ വിവ് റിച്ചാർഡ്സും ഗാരി സോബേഴ്സും മുൻ ഓസീസ് നായകനായ റിക്കി പോണ്ടിങ്ങുമാണ് ഇവർ.
വെറും 30 ഇന്നിങ്സുകൾ മാത്രം കളിച്ച ഗാരി സോബേഴ്സാണ് ഇവരിൽ കൂടുതൽ അക്രമണകാരിയെന്ന് പറയേണ്ടി വരും. 41 ഇന്നിങ്സുകളിൽ നിന്നാണ് വിവ് റിച്ചാർഡ്സ് 8 സെഞ്ചുറികൾ നേടിയത്. റിക്കി പോണ്ടിങ് ആകട്ടെ 51 ഇന്നിങ്സുകളാണ് ഇന്ത്യക്കെതിരെ ആകെ കളിച്ചിട്ടുള്ളത്.
ട്രാവിസ് ഹെഡിന് പുറമെ ഇന്ത്യയെ കണ്ടാൽ ഹാലിളകണ മറ്റു ചില ഇടങ്കയ്യൻ ബാറ്റർമാരുടെ കണക്കുകൾ കൂടി പറയേണ്ടി വരും. കൂട്ടത്തിൽ മുന്നിൽ മറ്റൊരു വിൻഡീസ് താരമായ ശിവ്‌നാരായൺ ചന്ദർപോൾ ആണുള്ളത്. ഇന്ത്യക്കെതിരെ ഏഴ് സെഞ്ചുറികൾ അദ്ദേഹം നേടിയിട്ടുണ്ട്. മാത്യു ഹെയ്ഡൻ (ഓസ്ട്രേലിയ) - 6, സനത് ജയസൂര്യ (ശ്രീലങ്ക) - 3 സെഞ്ചുറി, ആൻഡി ഫ്ലവർ (സിംബാബ്‌വെ) - 3 സെഞ്ചുറി എന്നിങ്ങനെ ഈ ലിസ്റ്റ് നീളുകയാണ്.