വിദേശനയം മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെ; യുഎസ് പ്രസിഡൻ്റ് സ്ഥാനാർഥികളുടെ വിരുദ്ധ നിലപാടുകൾ ചർച്ചയാകുമ്പോൾ

യുക്രെയ്ന്‍റെ കാര്യത്തിൽ അമ്പിനും വില്ലിനും അടുക്കാതെ ഇരുധ്രുവങ്ങളിലാണ് കമലയും ട്രംപും
വിദേശനയം മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെ; യുഎസ് പ്രസിഡൻ്റ് സ്ഥാനാർഥികളുടെ വിരുദ്ധ നിലപാടുകൾ ചർച്ചയാകുമ്പോൾ
Published on

അമേരിക്കൻ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഡൊണാൾഡ് ട്രംപിൻ്റെയും കമലാ ഹാരിസിൻ്റെയും നിലപാടുകളാണ് വീണ്ടും ചർച്ചയാകുന്നത്. വിദേശനയം മുതൽ കാലാവസ്ഥാമാറ്റം വരെയുള്ള വിഷയങ്ങളിൽ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നവരാണ് ഇരു നേതാക്കളും.

യുക്രെയ്ന്‍റെ കാര്യത്തിൽ അമ്പിനും വില്ലിനും അടുക്കാതെ ഇരുധ്രുവങ്ങളിലാണ് കമലയും ട്രംപും. യുദ്ധത്തിൽ യുക്രെയ്ന് കൊടുക്കുന്ന സാമ്പത്തിക സഹായം തുടരണമെന്ന നിലപാട് സ്വീകരിക്കുന്ന കമല. ഇതിനകം ഏഴ് തവണ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഭരണത്തിൽ വന്നാൽ 24 മണിക്കൂറിൽ യുദ്ധം അവസാനിപ്പിക്കുമെന്നും യുക്രൈൻ വിട്ടുവീഴ്ച നടത്തേണ്ടിവരുമെന്നും വ്യക്തമാക്കുന്ന ട്രംപ് യുക്രൈന് നൽകുന്ന സഹായം അവസാനിപ്പിക്കുമെന്നും പറയുന്നു.

നിലവിലുള്ള കുടിയേറ്റ നിയമങ്ങൾ ശക്തമാക്കി കുടിയേറ്റത്തെ നിയന്ത്രിക്കണമെന്നും അതിർത്തിയിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നുമാണ് കമലയുടെ നയം. അതേ സമയം, കുടിയേറ്റത്തെ ശക്തമായി എതിർക്കുന്ന ട്രംപ്, അനധികൃതമായി രാജ്യത്തേക്ക് കടന്നവരെ തിരിച്ചയക്കുമെന്നാണ് പ്രചാരണ റാലിയിൽ വ്യക്തമാക്കിയത്. രാജ്യത്തേക്ക് കുടിയേറിയ ജനങ്ങൾക്ക് ഉണ്ടാകുന്ന കുട്ടികൾക്ക് യുഎസ് പൗരത്വം ലഭിക്കുന്ന രീതി നിർത്തലാക്കണമെന്നും ട്രംപ് പറയുന്നു.

1973 ലെ റോ വേഴ്‌സസ് വെയ്ഡ് കേസ് ഉത്തരവിനെ അസാധുവാക്കിയാണ് ഗര്‍ഭച്ഛിദ്രം യുഎസില്‍ ഭരണഘടനാപരമായ അവകാശമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. ഈ നിയമം റദ്ദാക്കാൻ സുപ്രീം കോടതിയിൽ കൺസർവേറ്റീവ് ജഡ്ജികളെ നിയമിച്ച് നീക്കത്തിന് ചുക്കാൻ പിടിച്ചത് ഡൊണാൾഡ് ട്രംപാണ്. അതേ സമയം, ഗർഭച്ഛിദ്രത്തിന് വേണ്ടിയുള്ള സുരക്ഷിതമായ നിയമനിർമാണം കൊണ്ടുവരുമെന്നാണ് ഡെമോക്രാറ്റുകൾ വ്യക്തമാക്കുന്നത്.

അമേരിക്കയുടെ സമ്പദ് ഘടനയിൽ ബൈഡൻ ഭരണകൂടം ആരംഭിച്ച നയങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും നികുതി ഇളവുകൾ പ്രഖ്യാപിക്കുകയുമാണ് കമല മുന്നോട്ട് വക്കുന്ന നയം. എന്നാൽ ഈ നയങ്ങളിൽ നിന്നെല്ലാം പിറകോട്ട് പോകുന്നതാണ് ട്രംപിൻ്റെ നിലപാട്. ഗ്രീൻ എനർജിയിലും മറ്റ് പരിസ്ഥിതി അനുകൂല ടെക്നോളജികളിലുമുള്ള നിക്ഷേപത്തിൽ നിന്ന് ട്രംപ് പിൻവലിയും. കാലാവസ്ഥ മാറ്റത്തിലെ പാരീസ് ഉച്ചകോടിയിലുണ്ടായ നയങ്ങളിൽ നിന്ന് പിന്‍മാറുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ചൈനക്കെതിരെ കമല പരിമിതമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ ശക്തമായ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. വിദേശ ഇറക്കുമതിക്ക് പത്ത് ശതമാനം മിനിമം നികുതി ട്രംപ് നിർദേശിക്കുമ്പോൾ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 60 ശതമാനമായി നികുതി ഉയർത്തണമെന്നാണ് ട്രംപിൻ്റെ നയം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com