"രാജ്യദ്രോഹി,ഒറ്റുകാരൻ, ചാരൻ"; കടുത്ത സൈബർ ആക്രമണത്തിന് പിന്നാലെ എക്സ് അക്കൗണ്ട് ലോക്ക് ചെയ്ത് വിക്രം മിസ്രി

പരാമർശിക്കാൻ പോലുമാകാത്തത്ര ഹീനമായ അശ്ലീലപദങ്ങൾ ഉപയോഗിച്ചാണ് അദ്ദേഹത്തിൻ്റെ മകൾക്കും കുടുംബത്തിനും എതിരായ ആക്രമണം
"രാജ്യദ്രോഹി,ഒറ്റുകാരൻ, ചാരൻ"; കടുത്ത സൈബർ ആക്രമണത്തിന് പിന്നാലെ എക്സ് അക്കൗണ്ട് ലോക്ക് ചെയ്ത് വിക്രം മിസ്രി
Published on

കടുത്ത സൈബർ ആക്രമണത്തെ തുടർന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എക്സ് അക്കൗണ്ട് താത്കാലികമായി ലോക് ചെയ്തു. ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെയാണ് വിക്രം മിസ്രിക്കും കുടുംബത്തിനും നേരെ സകല മര്യാദകളും ഘംഘിക്കുന്ന സൈബർ ആക്രമണം തുടങ്ങിയത്. തീവ്രഹിന്ദുത്വ വാദികളാണ് പ്രധാനമായും വിക്രം മിസ്രിയേയും കുടുംബത്തെയും ഹീനമായ അശ്ലീല ഭാഷയിൽ അപമാനിക്കുന്നത്. 

പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിക്രം മിസ്രിക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത്. രാജ്യദ്രോഹി, കുലംകുത്തി, ഒറ്റുകാരൻ, ചാരൻ, പാകിസ്ഥാൻ അനുകൂലി തുടങ്ങിയ പദപ്രയോഗങ്ങളാണ് വിക്രം മിസ്രിക്കെതിരെ സൈബർ അക്രമികൾ ഉപയോഗിക്കുന്നത്. പരാമർശിക്കാൻ പോലുമാകാത്തത്ര ഹീനമായ അശ്ലീലപദങ്ങൾ ഉപയോഗിച്ചാണ് അദ്ദേഹത്തിൻ്റെ മകൾക്കും കുടുംബത്തിനും എതിരായ ആക്രമണം. മിസ്രിയുടെ മകളുടെ ഇന്ത്യൻ പൗരത്വം വരെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് ആക്രമണമെത്തിയതോടെ വിക്രം മിസ്രി എക്സ് അക്കൗണ്ട് ലോക്ക് ചെയ്തു.

വിക്രം മിസ്രിയാണ് പാകിസ്ഥാനുമായി യുദ്ധം ചെയ്യാനുള്ള ഇന്ത്യയുടെ അവസരം ഇല്ലാതാക്കിയതെന്നാണ് അതിതീവ്ര ദേശീയവാദികൾ എന്ന് സ്വയം വിളിക്കുന്നവരുടെ വിമർശനം. അഖിലേഷ് യാദവ്, സച്ചിൻ പൈലറ്റ്, അസദുദ്ദീൻ ഒവൈസി തുടങ്ങി നിരവധി നേതാക്കൾ വിക്രം മിസ്രിക്കെതിരായ ആക്രമണം അപലപിച്ച് രംഗത്തെത്തി. സർക്കാർ തീരുമാനം വിശദീകരിച്ച ഉദ്യോഗസ്ഥൻ ആക്രമണം നേരിടുമ്പോൾ സർക്കാർ മിണ്ടാതിരിക്കുന്നത് തെറ്റെന്ന് അഖിലേഷ് യാദവ് പറഞ്ഞു. സൈബർ ആക്രമണത്തിൽ വിക്രം മിസ്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐഎഎസ്, ഐആർടിഎസ് തുടങ്ങി വിവിധ സിവിൽ സർവീസ് അസോസിയേഷനുകൾ പ്രതികരിച്ചു. മിസ്രിയുടെ മകളെയടക്കം അപമാനിക്കുന്നത് അടിസ്ഥാന മാന്യതയുടെ ലംഘനവും തികച്ചും ലജ്ജാകരവും എന്നായിരുന്നു തികച്ചും മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ മേനോൻ്റെ പ്രതികരണം.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്കെതിരെയും യുദ്ധം ഒഴിവായതിൽ അമർഷം പേറുന്ന തീവ്ര നിലപാടുകാർ രൂക്ഷമായ ഭാഷയിലാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരണം നടത്തുന്നത്. ഭീകരവാദികൾ വെടിവെച്ചുകൊന്ന നാവികസേന ഉദ്യോഗസ്ഥനായ വിനയ് നർവാളിൻ്റെ ഭാര്യ ഹിമാൻഷി നർവാളിന് നേരെയും സമാന ആക്രമണങ്ങളുണ്ടായിരുന്നു. പഹൽഗാം ആക്രമണത്തിൻ്റെ പേരിൽ ആരും കശ്മീരികൾക്കും രാജ്യത്തെ മുസ്ലീങ്ങൾക്ക് എതിരെ തിരിയരുതെന്ന് പറഞ്ഞതിനായിരുന്നു ഹിമാൻഷിക്ക് നേരെ സൈബർ ആക്രമണം.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തിൻ്റെയും സൈന്യത്തിൻ്റേയും നിലപാടുകളും തീരുമാനങ്ങളും വിശദീകരിക്കാൻ വിളിച്ച എല്ലാ വാർത്താസമ്മേളനങ്ങളിലും വിക്രം മിസ്രിയുടെ വിശദീകരണങ്ങൾ അളന്നുതൂക്കിയുള്ളതായിരുന്നു. അവയൊന്നും രാജ്യവിരുദ്ധമായ യാതൊരു ദുർവ്യാഖ്യാനങ്ങൾക്കും അവസരം കൊടുക്കാത്ത വിധം കൃത്യവും സൂക്ഷ്മ ശ്രദ്ധയുള്ളതുമായിരുന്നു. സൈനിക നടപടി സംബന്ധിച്ച വാർത്താസമ്മേളനങ്ങളിൽ വിക്രം മിസ്രി രാജ്യത്തിൻ്റെ മുഖമായി മാറി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com