വനനിയമ ഭേദഗതി ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കില്ല

മന്ത്രിസഭ അം​ഗീകാരം നൽകിയ ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ പാസാക്കാനായിരുന്നു സ‍ർക്കാർ തീരുമാനം
വനനിയമ ഭേദഗതി ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കില്ല
Published on

വനനിയമ ഭേദഗതി ബിൽ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കില്ല. മറ്റന്നാൾ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട ബില്ലുകളുടെ പട്ടികയിൽ വനനിയമ ഭേദഗതി ബിൽ ഉൾപ്പെട്ടില്ല. ബില്ലുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 140ഓളം പരാതികളാണ് ബില്ലിനെതിരെ ഇതുവരെ സർക്കാരിന് ലഭിച്ചത്. 


1961ലെ വന നിയമമാണ് ഇടതുപക്ഷ സ‍ർക്കാർ ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. 2019ൽ ഭേദഗതി ബിൽ അവതരിപ്പിച്ചെങ്കിലും സഭ പരിഗണിച്ചിരുന്നില്ല. ഇത് കാലഹരണപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും അവതരിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. 2024 നവംബർ ഒന്നിനാണ് വനനിയമ ഭേദ​ഗതി ബില്ലിന്റെ വിജ്ഞാപനം സർക്കാർ പുറത്തിറക്കിയത്. മന്ത്രിസഭ അം​ഗീകാരം നൽകിയ ബിൽ വരുന്ന നിയമസഭ സമ്മേളനത്തിൽ പാസാക്കാനായിരുന്നു സ‍ർക്കാർ തീരുമാനം.



വന വിഭവങ്ങളെ ആശ്രയിക്കുന്നവരെയും വനാതിർത്തിയിൽ താമസിക്കുന്നവരെയും പരി​ഗണിക്കുന്നില്ല, വനം വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് അമിതാധികാരം നൽകുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചതിനു പിന്നാലെ വന്നു. മലയോര ജനതയുടെ ഇത്തരം ആശങ്കകൾ എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺ​ഗ്രസ് എം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പിന്നാലെ പ്രതിഷേധവുമായി പി.വി. അൻവറും യുഡിഎഫും കൂടി വന്നതോടെ വിഷയത്തിന് രാഷ്ട്രീയ മാനം വന്നു. കര്‍ഷക സംഘടനകളും പ്രതിഷേധവുമായി എത്തിയതോടെ വനനിയമ ഭേദഗതിയിലെ വിവാദ വകുപ്പുകളില്‍ മാറ്റം വരുത്താന്‍ വനം വകുപ്പ് തീരുമാനിച്ചിരുന്നു. 63-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പ് പൂര്‍ണമായും പിന്‍വലിക്കാനാണ് വനം വകുപ്പിന്റെ ആലോചന. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നവരെ, വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനോ തടങ്കലില്‍ വെയ്ക്കാനോ അധികാരം നല്‍കുന്നതാണ് ഈ ഭേദഗതി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com