ജനീഷ് കുമാറിനെതിരായ പരാതിയിൽ നിന്ന് വനംവകുപ്പ് പിന്നോട്ട്? ജനീഷ് കുമാർ മാന്യമായി പെരുമാറുന്നയാളെന്ന് എ.കെ. ശശീന്ദ്രൻ

ജനീഷ് കുമാറിനെതിരായ നിയമ നടപടിക്ക് വനംവകുപ്പ് മുൻകൈ എടുക്കുന്നില്ലല്ലോ എന്നായിരുന്നു വനം മന്ത്രി എ.കെ. ശശീന്ദ്രൻ്റെ പ്രസ്താവന
ജനീഷ് കുമാറിനെതിരായ പരാതിയിൽ നിന്ന് വനംവകുപ്പ് പിന്നോട്ട്? ജനീഷ് കുമാർ മാന്യമായി പെരുമാറുന്നയാളെന്ന് എ.കെ. ശശീന്ദ്രൻ
Published on
Updated on

കോന്നി എംഎൽഎ ജനീഷ് കുമാറിനെതിരായ പരാതിയിൽ നിന്ന് വനം വകുപ്പ് പിന്നോട്ട് നീങ്ങുന്നതായി സൂചന. ജനീഷ് കുമാറിനെതിരായ നിയമ നടപടിക്ക് വനംവകുപ്പ് മുൻകൈ എടുക്കുന്നില്ലല്ലോ എന്നായിരുന്നു വനം മന്ത്രി എ.കെ. ശശീന്ദ്രൻ്റെ പ്രസ്താവന. ജനീഷ് കുമാർ മാന്യമായി പെരുമാറുന്നയാളാണെന്നും എംഎൽഎയുടെ പ്രതികരണം ആ സമയത്തെ വികാരത്തിന്റെ പേരിലുണ്ടായതാണെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.


മന്ത്രി രാജിവെച്ചാൽ വന്യജീവി ശല്യം അവസാനിക്കുമെന്ന് ഗ്യാരണ്ടി ഉണ്ടെങ്കിൽ രാജിക്ക് തയ്യാറാണെന്ന് എ.കെ. ശശീന്ദ്രൻ പറയുന്നു. എന്നാൽ ഭരണ പക്ഷത്ത് നിന്ന് വനം വകുപ്പിനെതിരെ ഉണ്ടാകുന്ന വിമർശനങ്ങളിൽ പരിഭവമുണ്ടെന്ന് ശശീന്ദ്രൻ തുറന്ന് സമ്മതിച്ചു. വനം വകുപ്പിനെ വിമർശിച്ചാൽ അത് സർക്കാരിനെയും ബാധിക്കില്ലേയെന്നാണ് മന്ത്രിയുടെ ചോദ്യം. അത് ചിന്തിക്കാനുള്ള പ്രായോഗിക രാഷ്ട്രീയ പരിജ്ഞാനം ഇല്ലാത്തവരല്ല വിമർശിക്കുന്നത്. അവർക്ക് മറ്റെന്തെങ്കിലും ലക്ഷ്യം ഉണ്ടാവുമെന്നും എ.കെ. ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന വനം വകുപ്പ് ജീവനക്കാരുടെ പരാതിയെത്തുടർന്ന് കോന്നി ജനീഷ് കുമാർ എംഎൽഎയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് പത്തനംതിട്ട കോന്നി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പൊലീസിൽ പരാതി നൽകിയത്. റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥരാണ് കൂടൽ പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സൗരോർജ വേലിയിൽ നിന്നും വൈദ്യുതാഘാതം ഏറ്റ് കാട്ടാന മരിച്ച സംഭവത്തിൽ തോട്ടം ഉടമയുടെ സഹായിയെ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനെത്തുടർന്ന് സ്റ്റേഷനിൽ എത്തിയ ജനീഷ് കുമാർ എംഎൽഎ സ്റ്റേഷന്‍ കത്തിക്കുമെന്നും വീണ്ടും നക്‌സലുകള്‍ വരുമെന്നും എംഎല്‍എ ഭീഷണിപ്പെടുത്തിയിരുന്നു.

കര്‍ഷകനെ കസ്റ്റഡിയിലെടുത്തത് മതിയായ രേഖകളില്ലാതെയാണെന്നും അറസ്റ്റിനുള്ള രേഖകള്‍ നല്‍കണമെന്നും ജനീഷ് കുമാർ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ രോഷപ്രകടനത്തില്‍ ഖേദം പ്രകടിപ്പിച്ച കെ.യു. ജനീഷ് തന്റെ വാക്കുകള്‍ കടുത്തുപോയെന്നും ജനങ്ങള്‍ തന്നോട് പ്രതികരിച്ചത് ഇതിലും രൂക്ഷമായ രീതിയിലാണെന്നും വെളിപ്പെടുത്തിയിരുന്നു.


News Malayalam 24x7
newsmalayalam.com