
വയനാട് ബത്തേരിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്. വടക്കനാട് പള്ളിവയൽ അമ്പതേക്കർ പ്രദേശത്ത് പരിക്കേറ്റ നിലയിൽ കടുവയെ കണ്ടെത്തിയിരുന്നു. ഈ കടുവയെ പിടികൂടാനാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. വനംവകുപ്പ് പ്രദേശങ്ങളിൽ സ്ഥാപിച്ച ക്യാമറകളിലും നേരിട്ടും കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചു. ഇതോടെയാണ് ഇന്ന് വൈകീട്ടോടെ കൂടുകൾ സ്ഥാപിച്ചത്.
താത്തൂർ - കുപ്പാടി ഫോർ സെക്ഷൻ പരിധികളിൽ വരുന്ന കാട്ടിക്കൊല്ലി അമ്മവയൽ പ്രദേശങ്ങളിലാണ് രണ്ടു കൂടുകൾ സ്ഥാപിച്ചിരിക്കുന്നത്. കടുവയുടെ കഴുത്തിന് പരുക്കേറ്റിട്ടുണ്ടെന്നാണ് വനവകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം. ഒരാഴ്ച മുമ്പാണ് കടുവയെ നാട്ടുകാർ കണ്ടത്.
കഴിഞ്ഞ ദിവസം വയനാട് മേപ്പാടി ഓടത്തോട് അമ്പലം റോഡ് പ്രദേശത്തും കടുവയുടെ ആക്രമണമുണ്ടായിരുന്നു. ജനവാസ മേഖലയിലിറങ്ങിയ കടുവ മൂന്ന് ആടുകളെ കൊലപ്പെടുത്തി. രണ്ട് ആടുകളെ ആക്രമിച്ച് കൊലപ്പെടുത്തി പ്രദേശത്ത് തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഒരാടിനെ കൊണ്ടുപോയി. കിതയൂർ വീട്ടിൽ സജിയുടെ ആടുകളെ ആണ് കടുവ പിടികൂടിയത്.