പന്നിക്കെണിയിൽ നിന്ന് രക്ഷപ്പെട്ട പുലിക്കായി തെരച്ചിൽ; ആശങ്കയോടെ കാസർഗോഡ് കൊളത്തൂർ നിവാസികൾ

രാത്രികാലങ്ങളിലെ തെരച്ചിലിനായി തെർമൽ ഡ്രോൺ കൂടി എത്തിക്കാൻ വനംവകുപ്പ് നീക്കം നടത്തുന്നുണ്ട്. പുലി മൂളിയാർ വനമേഖലയിലേക്ക് കടന്നിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.
പന്നിക്കെണിയിൽ നിന്ന് രക്ഷപ്പെട്ട പുലിക്കായി തെരച്ചിൽ; ആശങ്കയോടെ കാസർഗോഡ് കൊളത്തൂർ നിവാസികൾ
Published on

കാസർഗോഡ് കൊളത്തൂരിൽ പന്നിക്കെണിയിൽ നിന്ന് രക്ഷപ്പെട്ട പുലിക്കായി തെരച്ചിൽ തുടരുന്നു. കൊളത്തൂർ മടന്തക്കോട് മേഖലയിൽ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്തിയിട്ടും പുലിയെ കണ്ടെത്താൻ സാധിച്ചില്ല. പ്രദേശത്തെ ദ്രുത കർമ്മ സേനയുടെ കാവൽ ഉണ്ടെങ്കിലും ജനങ്ങൾ ആശങ്കയിലാണ്


കൊളത്തൂർ മടന്തക്കോട് സ്വകാര്യ വ്യക്തിയുടെ കവുങ്ങിൻ തോപ്പിൽ സ്ഥാപിച്ച പന്നി കെണിയിൽ അകപ്പെട്ട പുലി ഇന്നലെ പുലർച്ചയോടെയാണ് രക്ഷപ്പെട്ടത്. വെറ്റിനറി ഡോകടർ മയക്കു വെടി വയ്ക്കുന്നതിനിടയിലാണ് പുലി ചാടിപ്പോയത്. പുലിക്ക് പിന്നാലെ ദ്രുത കർമ്മ സേനാംഗങ്ങൾ തെരച്ചിലിനായി പോയെങ്കിലും പുലിയെ കണ്ടെത്താനായില്ല.


കാസർഗോഡ് വനം വകുപ്പ് ഡിവിഷന് കീഴിലുള്ള പത്ത് അംഗ ആർ ആർ ടി സംഘമാണ് തെരച്ചിൽ നടത്തുന്നത്. ഇതിനുപുറമേ വയനാട്ടിൽ നിന്ന് എത്തിയ 8 അoഗ വിദഗ്ധസംഘം പ്രദേശത്ത് ഡ്രോൺ പരിശോധനയും നടത്തുന്നുണ്ട്. പുലി രക്ഷപ്പെട്ടതോടെ കൊളത്തൂർ മേഖലയിലെ ജനങ്ങളുടെ ആശങ്കയും വർദ്ധിച്ചിട്ടുണ്ട്.

രാത്രികാലങ്ങളിലെ തെരച്ചിലിനായി തെർമൽ ഡ്രോൺ കൂടി എത്തിക്കാൻ വനംവകുപ്പ് നീക്കം നടത്തുന്നുണ്ട്. പുലി മൂളിയാർ വനമേഖലയിലേക്ക് കടന്നിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.

ബുധനാഴ്ച രാത്രി വൈകുന്നേരം 7 മണിയോടെയാണ് കൊളത്തൂർ സ്വദേശി വി കൃഷ്ണൻ്റെ കവുങ്ങിൻ തോട്ടത്തിന് സമീപമുള്ള തുരങ്കത്തിൽ പുലിയെ കണ്ടെത്തിയത്.തോട്ടത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടർ ഓഫ് ചെയ്യാനായി പോകുമ്പോഴാണ് കൃഷ്ണന്റെ മകൾ അനുപമ പന്നിക്കെണിയിൽ പുലി കുടുങ്ങിയതായി കണ്ടത്.

എട്ടുമണിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും സ്ഥലത്തെത്തി. വയനാട്ടിൽ നിന്നും കണ്ണൂരിൽ നിന്നും മയക്കുവെടി വയ്ക്കാനുള്ള വിദഗ്ധരെത്തുന്നത് വരെ ആർ ആർ ടി സംഘം പ്രദേശത്ത് കാവൽ നിന്നു. പുലർച്ചെ മൂന്ന് മണിയോടെ മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി രക്ഷപ്പെട്ടത്.

ഇതോടെ പ്രദേശം വീണ്ടും ഭീതിയുടെ നിഴലിലായി രാത്രിയിൽ വെളിച്ചമില്ലാത്ത സമയത്ത് വെടിവച്ചതാണ് പുലി രക്ഷപ്പെടാൻ ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു സ്ഥലം സന്ദർശിച്ചിരുന്നു. പുലി മൂളിയാർ റിസർവ്ഡ് വനമേഖലയിലേക്ക് കടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് കഴിഞ്ഞ ദിവസം വനം വകുപ്പ് തെരച്ചിൽ നടത്തിയിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com