
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് കൊല്ലപ്പെട്ട സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി വനംമന്ത്രി എ.കെ. ശശീന്ദ്രൻ. വനംവകുപ്പ് മേധാവിയോട് ഇടക്കാല റിപ്പോർട്ട് തേടിയ മന്ത്രി അതിനുശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വനത്തിനുള്ളിലാണ് രണ്ടുപേരെ കാട്ടാന കൊലപ്പെടുത്തിയത്. ഈ സാഹചര്യം പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇന്ന് രാവിലെയോടെയാണ് വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വാഴച്ചാൽ സ്വദേശികളായ അംബിക,സതീഷ് എന്നിവർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ അംബികയും, സതീഷും ഉൾപ്പെടെ നാലുപേരാണ് വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിനുള്ളിലേക്ക് പോയത്.
കാട്ടാനയെ കണ്ടതും ഭയന്നോടിയ ഇരുവരും ഓടി രക്ഷപ്പെട്ടുവെന്നാണ് കരുതിയതെന്ന് കൂടെയുണ്ടായിരുന്ന പ്രദേശവാസി പറഞ്ഞു. രാവിലെ മടങ്ങി വരാത്തതിനെ തുടർന്ന നടത്തിയ തെരച്ചിലിൽ രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അംബികയുടെ മൃതദേഹം പുഴയിലും, സതീഷിൻ്റെ മൃതദേഹം പുഴയ്ക്ക് സമീപത്തുള്ള പാറയിലുമാണ് കണ്ടെത്തിയത്.