IMPACT | പാലക്കാട്ടെ വനം വകുപ്പ് വാച്ചർക്ക് ശമ്പളം കിട്ടിയിട്ട് നാലു മാസം, ഇടപെട്ട് വനം മന്ത്രി

നാലു മാസമായിട്ടും ശമ്പളം ലഭിക്കാത്ത പാലക്കാട് വനം ഡിവിഷനിലെ വകുപ്പ് വാച്ചർമാരുടെ ജീവിത പ്രയാസങ്ങൾ കഴിഞ്ഞ ദിവസം ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു
IMPACT | പാലക്കാട്ടെ വനം വകുപ്പ് വാച്ചർക്ക് ശമ്പളം കിട്ടിയിട്ട് നാലു മാസം, ഇടപെട്ട് വനം  മന്ത്രി
Published on


പാലക്കാട്ടെ വനം വകുപ്പ് വാച്ചർക്ക് ശമ്പളം കിട്ടിയിട്ട് നാലു മാസമായ പ്രശ്നത്തിൽ ഇടപെട്ട വനം മന്ത്രി എ.കെ. ശശീന്ദ്രൻ. നാലു മാസമായിട്ടും ശമ്പളം ലഭിക്കാത്ത പാലക്കാട് വനം ഡിവിഷനിലെ വകുപ്പ് വാച്ചർമാരുടെ ജീവിത പ്രയാസങ്ങൾ കഴിഞ്ഞ ദിവസം ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നായിരുന്നു വനം വകുപ്പ് മന്ത്രിയുടെ പ്രതികരണം.

വനം വകുപ്പ് വാച്ചർമാർക്ക് ശമ്പളം കിട്ടാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഉറപ്പു നൽകി. പ്രശ്ന പരിഹാരത്തിന് ധനകാര്യ വകുപ്പിനോട് ഇടപെടണമെന്ന് അഭ്യർത്ഥിച്ച് കത്തയച്ചിട്ടുണ്ടെന്നും അടിയന്തരമായും വൈകാതെയും പ്രശ്നം പരിഹരിക്കാനാവുമെന്നുമാണ് പ്രതീക്ഷയെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ ന്യൂസ് മലയാളത്തോട് വ്യക്തമാക്കി.

"പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രശ്നം അടിയന്തരമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ്. വിഷയം സാങ്കേതികമാണ്. വിവിധ പ്രൊജക്ടുകളുടെ ഭാഗമായാണ് താൽക്കാലിക വാച്ചർമാരുടെ ഉൾപ്പെടെയുള്ള വേതനം നൽകി വരുന്നത്. അതുകൊണ്ടു തന്നെ സാങ്കേതികമായ ചില താമസങ്ങൾ വേതനം ലഭിക്കാൻ ഇടയാക്കാറുണ്ട്," മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

പാലക്കാട് ജില്ലയിലെ ഫോറസ്റ്റ് വാച്ചര്‍മാര്‍ക്ക് കഴിഞ്ഞ ഓണത്തിന് മുന്‍പ് ശമ്പളം കിട്ടിയതാണ്. മാസം നാല് കഴിഞ്ഞു. പിന്നീട് ഒരു രൂപ പോലും കൂലിയായി കിട്ടിയിട്ടില്ല. പക്ഷേ, കാട്ടാന നാട്ടിലിറങ്ങിയാല്‍ ഓടിക്കാനും, അടിക്കാട് വെട്ടാനും, വൈദ്യുത വേലിയുടെ സംരക്ഷണ ജോലികള്‍ക്കും, കാട്ടുതീ വരാതെ സൂക്ഷിക്കാനുമെല്ലാം പൊരി വെയിലത്ത് മുടങ്ങാതെ പണിയെടുക്കുന്നുണ്ട് നമ്മുടെ ഫോറസ്റ്റ് വാച്ചര്‍മാര്‍.

ഒരു ദിവസം പണിയെടുത്താല്‍ കിട്ടുന്നത് 740 രൂപയാണ്. പാലക്കാട് ഡിവിഷനില്‍ ഒരു മാസം 23 ദിവസമാണ് ഒരാള്‍ക്ക് പരമാവധി ജോലി ചെയ്യാന്‍ കഴിയുക. അതായത് പ്രതിമാസം 17,000 രൂപ ലഭിക്കും. ഇതാണ് നാല് മാസമായി മുടങ്ങിക്കിടക്കുന്നത്. ഇങ്ങനെ പോയാല്‍, ജോലി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് പലര്‍ക്കും. ന്യൂസ് മലയാളം റിപ്പോർട്ടർ പ്രസാദ് ഉടുമ്പിശേരിയാണ് വാർത്ത ആദ്യം കേരളത്തിൻ്റെ ശ്രദ്ധയിലെത്തിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com