
കാട്ടാനയാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ന്യൂസ് മലയാളം തുടക്കമിട്ട 'അടങ്ങാത്ത കരി കലി' എന്ന പരമ്പര സമാപിച്ചിരിക്കുകയാണ്. കഴിഞ്ഞ 7 ദിവസത്തിനിടെ 3 പേരാണ് സംസ്ഥാനത്ത് കാട്ടാനയാക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. വന്യജീവി ആക്രമണം സംബന്ധിച്ച മലയോര മേഖലയിലെ ജനങ്ങളുടെയും കർഷകരുടെയും ചോദ്യത്തിന് ന്യൂസ് മലയാളത്തിലൂടെ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ മറുപടി പറഞ്ഞു.
വന്യജീവി സംഘർഷം കൂടിയെന്ന പ്രതീതിയാണ് ഉയരുന്നതെങ്കിലും, ഇത് കുറയ്ക്കാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രൻ ന്യൂസ് മലയാളത്തോട് പറഞ്ഞത്. ന്യൂസ് മലയാളം റിപ്പോർട്ട് പരാമർശിച്ചുകൊണ്ടു തന്നെ സംസാരിച്ച മന്ത്രി, 2006 മുതൽ വന്യജീവി ആക്രമണത്തിൻ്റെ തോത് കുറഞ്ഞുവരികയാണ് പറഞ്ഞു. എന്നാൽ വന്യജീവി സംഘർഷം പൂർണമായും നിയന്ത്രണത്തിലാവാൻ പ്രതിരോധ പ്രവർത്തനങ്ങളും, വന്യജീവികൾ നാട്ടിലിറങ്ങാതിരിക്കാനുള്ള മുൻകരുതലുകളും ആവശ്യമാണെന്ന് മന്ത്രി പറയുന്നു.
ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരിക്കുന്നത് പോലെ, നടപടികൾ കൈക്കൊള്ളാനുള്ള സാമ്പത്തിക ശേഷി വനം വകുപ്പിന് ഇല്ല എന്നത് സത്യമാണ്. ക്ലേശകരമാണെങ്കിലും വന്യജീവി സംഘർഷം കുറയ്ക്കാനായി കഴിയുന്നത്ര പ്രത്യേക പരിപാടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. നബാഡിൻ്റെയും കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ ഇടുക്കിക്ക് 5 കോടി, വയനാടിന് 3 കോടി എന്നിങ്ങനെ പണം അനുവദിച്ചിട്ടുണ്ട്. ഇനി വർക്കിങ് പ്ലാൻ തയ്യാറാക്കി പ്രവർത്തികുമെന്നും ഇതിനായി ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ 809 പേർക്കാണ് വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ഇതിൽ 514 പേരും പാമ്പുകടിയേറ്റാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ 171 പേർക്കും ജീവൻ നഷ്ടമായി. നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച, ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട മണിയാണ് ഒടുവിലത്തെ ഇര.
ജോലിക്ക് പോകുമ്പോൾ, പണി കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കത്തിനിടയിൽ, തൊഴിൽ സ്ഥലത്ത്, വാഹനമോടിക്കുമ്പോൾ, യാത്രചെയ്യുമ്പോൾ, നടന്നു പോകുമ്പോൾ, പ്രഭാത സവാരിക്കിടയിൽ, കിടന്നുറങ്ങുമ്പോൾ തുടങ്ങി മലയോര മേഖലയിലെ മനുഷ്യന്റെ ജീവിത യാത്രക്കിടയിൽ എപ്പോൾ വേണമെങ്കിലും ഒരു കാട്ടാനയോ കാട്ടുപന്നിയോ, കാട്ടുപോത്തോ, കടന്നലോ മരണവുമായെത്താം.
2017 ഏപ്രിൽ മുതൽ 2024 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 809 പേർക്കാണ് വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമായത്. 514 പേർക്ക് പാമ്പു കടിയേറ്റും 171 പേർ കാട്ടാനയുടെ ആക്രമണത്തിലുമാണ് ജീവൻ നഷ്ടമായത്. കാട്ടുപന്നി കാരണം 50 പേർക്കും, കടന്നൽ അല്ലെങ്കിൽ തേനീച്ചയുടെ കുത്തേറ്റ 42 പേർക്കും മരണം സംഭവിച്ചു. കടുവയുടെ ആക്രമണത്തിൽ എട്ട് മനുഷ്യ ജീവനാണ് ഇല്ലാതായത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒൻപത് പേർക്കും ജീവൻ നഷ്ടമായി.
മരണം മാത്രമല്ല മനുഷ്യന്റെ ജീവിതം തകർക്കുന്ന നഷ്ടങ്ങൾ പിന്നെയുമുണ്ട്. 2016 മുതൽ 24 വരെ 7646 പേർക്കാണ് വന്യജീവി ആക്രമണത്തിൽ പരുക്കേറ്റത്. 3968 പശുക്കൾ ചത്തു. 54,266 കർഷകരുടെ കൃഷി നശിച്ചു. പലരുടെയും ഉപജീവനമാർഗമാണ് ഇല്ലാതായത്. വന്യജീവി ആക്രമണങ്ങൾ ഒഴിവാക്കാൻ വനം വകുപ്പ് നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും, കർഷകർക്ക് പരാതികൾ ഏറെയുണ്ട്.