'ആറളത്തുണ്ടായത് അസാധാരണ സംഭവം'; ആന മതിൽ അടക്കമുള്ള പദ്ധതി നടത്തിപ്പുകളിലെ കാലതാമസം ഒഴിവാക്കുമെന്ന് വനം മന്ത്രി

ഒരാഴ്ച കൊണ്ട് നടപ്പിലാക്കേണ്ട കർമപരിപാടികൾക്ക് രൂപം നൽകുമെന്ന് വനം മന്ത്രി വ്യക്തമാക്കി
'ആറളത്തുണ്ടായത് അസാധാരണ സംഭവം'; ആന മതിൽ അടക്കമുള്ള പദ്ധതി നടത്തിപ്പുകളിലെ കാലതാമസം ഒഴിവാക്കുമെന്ന് വനം മന്ത്രി
Published on


ആറളത്ത് കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടത് അസാധാരണ സംഭവമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്. രാവിലെ തന്നെ കണ്ണൂർ കളക്ടറുടെ നേതൃത്വത്തിൽ ഉന്നതതലയോഗം നടക്കുമെന്നും ഉച്ച കഴിഞ്ഞ് സർവകക്ഷിയോഗം ചേർന്ന് നടപ്പാക്കേണ്ട കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരാഴ്ച കൊണ്ട് നടപ്പിലാക്കേണ്ട കർമപരിപാടികൾക്ക് രൂപം നൽകുമെന്ന് വനം മന്ത്രി വ്യക്തമാക്കി. കാടും ആറളം ഫാമും തമ്മിലുള്ള അകലം കുറവാണ്. അടിക്കാടുകൾ വെട്ടാത്തതാണ് പ്രശ്നമായി കാണുന്നത്. അടിക്കാടുകൾ വെട്ടി സഞ്ചാരപഥം കൃത്യമായി ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന പ്രതിപക്ഷ ആരോപണം ശരിയല്ല. കെ. സുധാകരൻ പറഞ്ഞത് പോലെ ഒന്നും ചെയ്യാനാവില്ല എന്ന നിലപാട് സർക്കാരിനില്ലെന്നും എ.കെ. ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

ഒന്നോ രണ്ടോ ദിവസം കൊണ്ട് ശരിയാക്കാവുന്ന കാര്യമല്ലിതെന്ന് എ.കെ. ശശീന്ദ്രൻ പറഞ്ഞു. വന്യജീവി ആക്രമണം പുതിയ പ്രതിഭാസമാണ്. ആന മതിൽ കെട്ടുന്നത് അടക്കമുള്ള പദ്ധതി നടത്തിപ്പുകളിലെ കാലതാമസം ഒഴിവാക്കും. ആറളത്തെ ആന മതിലിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി. നാട്ടുകാർ അവരുടെ വിഷമങ്ങൾ കൊണ്ടാണ് പറയുന്നത്. അതിൽ യുക്തിയുണ്ടാവില്ല. അടിക്കാടുകൾ വെട്ടുന്ന കാര്യത്തിലുള്ള കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഉദ്യോഗസ്ഥതല കാലതാമസം ഉണ്ടായിട്ടുണ്ടോ എന്ന് നോക്കാം. കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നു മന്ത്രി അറിയിച്ചു.


ആറളം ഫാമിൽ കശുവണ്ടി ശേഖരിക്കാൻ പോകും വഴിയാണ് പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരെ കാട്ടാന ആക്രമിച്ചത്. ദമ്പതികൾ കൊല്ലപ്പെട്ടതിനു പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. മരിച്ച വെള്ളിയുടേയും ലീലയുടേയും മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. മൃതദേഹങ്ങൾ കയറ്റിയ രണ്ട് ആംബുലൻസും നാട്ടുകാർ തടഞ്ഞു. ഡിഎഫ്ഒ ഉൾപ്പെടെ സ്ഥലത്ത് എത്തണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ചർച്ചകൾക്കൊടുവിലാണ് മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

അതേസമയം, കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. രാവിലെ 11 മണിയോടെ പരിയാരം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com