
വയനാട്ടില്‍ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ.കെ. ശശീന്ദ്രന്‍. വയനാട്ടിൽ വന്യജീവി ആക്രമണങ്ങള്‍ക്കെതിരായ ദൗത്യം തുടരും. ഇതിനായി പ്രത്യേക കര്‍മ പദ്ധതി നടത്തും. വയനാട്ടിൽ നാട്ടുകാര്‍ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് പറഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നിലവിലുള്ള ആർ.ആർ.ടി സംഘം പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
ദൗത്യസംഘത്തിലുള്ള വനം വകുപ്പ് ജീവനക്കാരെ പ്രത്യേകം അഭിനന്ദിച്ച മന്ത്രി, ദൗത്യസംഘം രാപ്പകല്‍ ഇല്ലാതെ ജീവൻ പോലും പണയം വെച്ച് കഷ്ടപ്പെടുകയായിരുന്നു എന്നും ചൂണ്ടിക്കാട്ടി. വനം വകുപ്പ് നടത്തിയ ശ്രമകരമായ ജോലിയെ അഭിനന്ദിക്കുന്നു. കടുവാ സാന്നിധ്യമുള്ള മേഖലയിൽ സ്പെഷ്യൽ ഓപറേഷൻ ടീം ഇന്നും നാളെയും പരിശോധന നടത്തും.
വയനാട് പിലാക്കാവ് ഭാഗത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടെന്നാണ് വിവരം. ഓപറേഷന്‍ സംഘത്തിൻ്റെ തിരച്ചിലിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മരണകാരണം കണ്ടെത്താൻ വിശദമായ പോസ്റ്റ് മോർട്ടം നടത്തുമെന്നും മന്ത്രി അറിയിച്ചു.
നൂറ് ശതമാനം പരിഹാരം എന്നത് ഒരു കാര്യത്തിലും സാധ്യമല്ലെന്ന് മാധ്യമങ്ങൾ മനസിലാക്കണം. മാധ്യമങ്ങൾ നേരത്തെയുണ്ടായിരുന്ന ചിത്രം വെച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ നോക്കിക്കാണുന്നത്. പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ കടുവയുടെ മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷമെ വ്യക്തമാകൂവെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
അതേസമയം, നരഭോജി കടുവയെ പിടിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദിയറിയിച്ച് പഞ്ചാരക്കൊല്ലിയിലെ നാട്ടുകാർ രംഗത്തെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ, ആർആർടി ഉദ്യോഗസ്ഥർ, വനംമന്ത്രി, മാധ്യമങ്ങൾ എന്നിവർക്കും പ്രദേശവാസികൾ നന്ദിയറിയിച്ചു. ഇപ്പോഴാണ് യഥാർഥത്തിൽ ആശ്വാസമായതെന്നും ഇതുവരെ പേടിച്ചിട്ട് പുറത്തിറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും ഒരു പ്രദേശവാസി ന്യൂസ് മലയാളത്തോട് പറഞ്ഞു. അതേസമയം, പഞ്ചാരക്കൊല്ലി മേഖലയിൽ അഞ്ച് സ്ഥലങ്ങളിലായ പ്രഖ്യാപിച്ച 48 മണിക്കൂർ പ്രഖ്യാപിച്ച കർഫ്യൂ പിൻവലിച്ചു.