വനങ്ങളിലെയും പശ്ചിമഘട്ടത്തിലെയും എല്ലാ കൈയ്യേറ്റങ്ങളും അവസാനിപ്പിക്കും: കർണാടക വനം മന്ത്രി

പശ്ചിമഘട്ടം കയ്യേറി വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

സംസ്ഥാനത്തെ മുഴുവൻ പശ്ചിമഘട്ട മേഖലകളിലെയും റിസോർട്ടുകൾ, ഹോം സ്റ്റേകൾ, എല്ലാ വനം കൈയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ നീക്കവുമായി കർണാടക സർക്കാർ. വനങ്ങളിലേയും പശ്ചിമഘട്ടത്തിലേയും കൈയ്യേറ്റങ്ങ തടയുന്നതിന് ക്ലിയറൻസ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്ന് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ പറഞ്ഞു. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ഫോറസ്റ്റ് ഫോഴ്സ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും പശ്ചിമഘട്ടത്തിലും മറ്റ് വന പ്രദേശങ്ങളിലും കയ്യേറ്റമൊഴിപ്പിക്കൽ പ്രവർത്തനങ്ങൾ ഉടൻ നടത്തുമെന്ന് മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.

പശ്ചിമഘട്ട മേഖലയിൽ 2015ന് ശേഷം ഉയർന്നുവന്ന എല്ലാ വനം കയ്യേറ്റങ്ങളും നീക്കം ചെയ്യുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാനും നടപടി സ്വീകരിച്ച റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാനും വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഈശ്വർ ഖന്ദ്രെ നിർദേശം നൽകിയിട്ടുണ്ട്. അയൽസംസ്ഥാനമായ കേരളത്തിലെ വയനാട്ടിലും കർണാടകയിലെ ഷിരൂരിലും ഉരുൾപൊട്ടലുണ്ടായ ദുരന്തങ്ങളും പ്രസ്‌താവനയിൽ ചൂണ്ടിക്കാണിച്ചു. ആയിരക്കണക്കിന് വർഷങ്ങളായി നിലനിന്നിരുന്ന കുന്നുകൾ അപ്രത്യക്ഷമായെന്നും പശ്ചിമഘട്ട മേഖലയിൽ തുടർച്ചയായി ഉരുൾപൊട്ടലുണ്ടായെന്നും ഈശ്വർ ഖന്ദ്രെ പറഞ്ഞു.

ഇനിയും നമ്മൾ ഉണർന്നില്ലെങ്കിൽ വരും തലമുറ നമ്മോട് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2015ന് ശേഷം പശ്ചിമഘട്ട പ്രദേശങ്ങളിലെ വനം കൈയ്യേറ്റം സംബന്ധിച്ച് 64 എ (കർണ്ണാടക ഫോറസ്റ്റ് ആക്ട്) നടപടികൾ പൂർത്തിയായ എല്ലാ കേസുകളിലും ക്ലിയറൻസ് പ്രവർത്തനങ്ങൾ നടത്താൻ വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. 4 എ വകുപ്പ് പ്രകാരം അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എസിഎഫ്), ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്), കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിഎഫ്), ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്), അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എപിസിസിഎഫ്) എന്നിവർക്ക് വനംകയ്യേറ്റ കേസുകൾ അന്വേഷിക്കാനും ഇഷ്യൂ ചെയ്യാനും അനുമതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തീർപ്പാക്കാത്ത കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന്, എസിഎഫിന് മുകളിലുള്ള എല്ലാ ഓഫീസർമാരും ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ അതത് സോണുകളിൽ നടപടിക്രമങ്ങൾ നടത്താനും എത്രയും വേഗം ഉത്തരവുകൾ പുറപ്പെടുവിക്കാനും നിർദേശം നൽകിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കോടതിയിലുള്ള കേസുകൾ തീർപ്പാക്കുന്നതിന് അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ടാസ്‌ക് ഫോഴ്‌സിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഈശ്വർ ഖണ്ഡ്രെ പറഞ്ഞു.

വൻതോതിൽ നിർമിച്ച അനധികൃത റിസോർട്ടുകളും ഹോംസ്റ്റേകളും ആദ്യം ഒഴിപ്പിക്കണമെന്നും തുടർന്ന് തോട്ടങ്ങളും കെട്ടിടങ്ങളും ഒഴിപ്പിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും പശ്ചിമഘട്ടം കയ്യേറി വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അതിന് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഇത്തരം പ്രവർത്തനങ്ങൾ മൂലം പരിസ്ഥിതിക്കുണ്ടാകുന്ന നാശം നികത്താനാവില്ല. പശ്ചിമഘട്ട മേഖലയിലെ റോഡുകളുടെ നവീകരണത്തിലും വിപുലീകരണത്തിലും കുന്ന് 90 ഡിഗ്രി കോണിൽ അശാസ്ത്രീയമായി മുറിച്ചത് മണ്ണിടിച്ചിലിന് കാരണമാകുന്നെന്നും ചൂണ്ടിക്കാട്ടി. അത്തരം പ്രവൃത്തികൾ നടത്തുന്ന കരാറുകാർക്കും എഞ്ചിനീയർമാർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും അവർക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com