'കൈ' പിടിക്കാൻ കെ.പി. മധുവും; കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപനം

പ്രിയങ്ക ഗാന്ധി എംപിയുടെ  സാന്നിധ്യത്തിൽ നടത്തുന്ന വിജയാഘോഷ ചടങ്ങിൽ വച്ച് കെ. പി. മധുവിനെ കോൺഗ്രസിലേക്ക് സ്വീകരിക്കുമെന്നാണ് സൂചന
'കൈ' പിടിക്കാൻ കെ.പി. മധുവും; കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപനം
Published on
Updated on

കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ച്  മുൻ  ബിജെപി നേതാവ് കെ. പി. മധു. മറ്റൊരു പാർട്ടിയിലേക്ക് ഇപ്പോൾ ഇല്ലെന്നു പറഞ്ഞ മധു മണിക്കൂറുകൾക്കുള്ളിലാണ് കോൺഗ്രസിൽ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്.  കഴിഞ്ഞ ദിവസമാണ് വയനാട്ടിലെ മുതിർന്ന ബിജെപി നേതാവായ മധു പാർട്ടി വിട്ടത്. മുൻ  ബിജെപി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. കെപിസിസി വർക്കിംഗ് പ്രസിഡൻ്റ്  ടി. സിദ്ധീഖ് എംഎൽഎ ,കെപിസിസി അംഗവും പ്രിയങ്ക ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജൻ്റുമായ കെ. എൽ പൗലോസ് തുടങ്ങിയവരുമായി കെ.പി മധു പ്രാഥമിക ചർച്ച നടത്തിയിരുന്നു.

ഡിസംബർ ഒന്നിന് പ്രിയങ്ക ഗാന്ധി എംപിയുടെ  സാന്നിധ്യത്തിൽ നടക്കുന്ന വിജയാഘോഷ ചടങ്ങിൽ കെ. പി. മധുവിനെ കോൺഗ്രസിലേക്ക് സ്വീകരിക്കുമെന്നാണ് സൂചന. അതേസമയം മധുവിൻ്റെ പാർട്ടി പ്രവേശനം കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കെ.പി. മധുവിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യർ രംഗത്തെത്തിയിരുന്നു.

മധുവിന് പാർട്ടി വിടേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നായിരുന്നു ബിജെപി വയനാട് ജില്ലാ പ്രസിഡൻ്റ്  പ്രശാന്ത് മലവയലിൻ്റെ പ്രതികരണം. മാസങ്ങൾക്കു മുമ്പ് വയനാട്ടിലെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ നടത്തിയ പരസ്യ പ്രതികരണത്തെ തുടർന്നാണ് ജില്ലാ പ്രസിഡൻ്റ്  സ്ഥാനത്തു നിന്നും മധുവിനെ മാറ്റിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28 വരെ രണ്ടര വർഷം ബിജെപിയുടെ വയനാട് ജില്ലാ പ്രസിഡൻ്റായിരുന്നു മധു.

വയനാട് ജില്ലാ പ്രസിഡൻ്റ്  സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് മധു പാർട്ടി വിട്ടത്. ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തു നിന്നും മാറിയശേഷം സംസ്ഥാന പ്രസിഡൻ്റോ ജില്ലാ പ്രസിഡൻ്റോ ഒന്ന് വിളിക്കുക പോലും ചെയ്തില്ല. അസുഖം വന്ന് കിടപ്പിലായിട്ടും പാർട്ടി നേതാക്കൾ തിരിഞ്ഞു നോക്കിയില്ല എന്നുൾപ്പടെ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു മധുവിൻ്റെ പടിയിറക്കം.

ഒരു പ്രതീക്ഷയും സംസ്ഥാന ബിജെപി നേതൃത്വം പാർട്ടി അണികൾക്ക് വേണ്ടി മുന്നോട്ടുവയ്ക്കുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിൽ കടുത്ത നിരാശ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. നരേന്ദ്രമോദിയേയും അമിത് ഷായേയും കണ്ടുകൊണ്ടാണ് കേരളത്തിൽ ബിജെപിയിലേക്ക് ആളുകൾ വരുന്നത്. എന്നാൽ അണികളെ യോജിപ്പിച്ചു കൊണ്ടുപോകാൻ കഴിയാത്ത നേതൃത്വമാണ് സംസ്ഥാനത്തുള്ളത്. രണ്ടു വിഭാഗം ആയാണ് സംസ്ഥാനത്ത് ബിജെപി പ്രവർത്തിക്കുന്നത്. ഇങ്ങനെയൊരു പാർട്ടിയിൽ ഇനി തുടരാൻ ആകില്ല. ഇതിൽ നിരാശയും സങ്കടവുമുണ്ടെന്നും മധു പ്രതികരിച്ചിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com