
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജയെ ഗുജറാത്തിലെ ജാംനഗര്‍ (നവാനഗര്‍ ) പട്ടണത്തിന്‍റെ ജാം സാഹേബായി പ്രഖ്യാപിച്ചു. നിലവിലെ ജാം സാഹേബായ ശത്രുസല്യസിൻഹ്ജി അജയ് ജഡേജയെ പുതിയ കിരീടാവകാശിയായി പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്തിലെ നാട്ടുരാജ്യമായ നവാനഗര്‍ ജാംനഗറെന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.
‘ദസറ ദിനത്തിൽ അജയ് ജഡേജയെ എൻ്റെ പിൻഗാമിയായി കണ്ടെത്തിയിരിക്കുന്നു. അതിൽ എനിക്ക് സന്തോഷമുണ്ട്. ജാംനഗറിലെ ജനങ്ങളെ സേവിക്കേണ്ട ചുമതല അജയ് ജഡേജ ഏറ്റെടുത്തത് ഇവിടെയുള്ളവർക്കു ലഭിച്ച അനുഗ്രഹമായി കാണുന്നു. ജഡേജയ്ക്ക് എൻ്റെ നന്ദി അറിയിക്കുന്നു.’– മഹാരാജ ജാംസാഹെബ് ശത്രുസല്യസിൻഹ്ജി പ്രതികരിച്ചു. ജഡേജയുടെ പിതാവിന്റെ സഹോദരനാണ് ശത്രുസല്യസിൻഹ്ജി.
പഴയ നവനഗർ രാജകുടുംബത്തിൽ ജനിച്ച അജയ് ജഡേജയുടെ കുടുംബത്തിന് സമ്പന്നമായ ക്രിക്കറ്റ് പാരമ്പര്യം അവകാശപ്പെടാനുണ്ട്. അദ്ദേഹത്തിൻ്റെ ബന്ധുക്കളായ കെ രഞ്ജിത്‌സിൻജിയും കെ.എസ്. ദുലീപ്‌സിൻജിയും ആഭ്യന്തര ക്രിക്കറ്റ് താരങ്ങളായിരുന്നു. ഇരുവരുടേയും സ്മരണാർഥമാണ് രഞ്ജി ട്രോഫിയും ദുലീപ് ട്രോഫിയും നടത്തുന്നത്.
1992-ല്‍ ക്രിക്കറ്റ് രാജ്യാന്തര ക്രിക്കറ്റ് കരിയര്‍ ആരംഭിച്ച അജയ് ജഡേജ വാതുവെപ്പ് വിവാദത്തില്‍പ്പെട്ട് വിലക്ക് നേരിട്ടിരുന്നു. 2000-ലാണ് ഒടുവിൽ ദേശീയ ടീമിനായി കളിച്ചത്.ഇന്ത്യക്കായി 15 ടെസ്റ്റ് മത്സരങ്ങളും 196 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.
1971-ല്‍ ജാംനഗറില്‍ ജനിച്ച താരത്തിന്‍റെ അമ്മ ആലപ്പുഴ മുഹമ്മ സ്വദേശിനി ഷാന്‍ ആണ്. പിതാവ് ദൗലത് സിംഗ് ജാംനഗറില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ ലോക്സഭാംഗമായിരുന്നു. 2023- ഐസിസി ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാന്‍ ടീമിന്‍റെ ഉപദേശകനായും അജയ് പ്രവര്‍ത്തിച്ചിരുന്നു.