ISRO മുന്‍ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരിരംഗന്‍ അന്തരിച്ചു

ഒന്‍പത് വര്‍ഷം ഐഎസ്ആര്‍ഒയുടെ തലവനായി സേവനമനുഷ്ഠിച്ചു
ISRO മുന്‍ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരിരംഗന്‍ അന്തരിച്ചു
Published on


ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മന്‍ ഡോ. കസ്തൂരി രംഗന്‍ (84) അന്തരിച്ചു. ബെംഗളൂരുവിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഒന്‍പത് വര്‍ഷം ഐഎസ്ആര്‍ഒയുടെ തലവനായി സേവനമനുഷ്ഠിച്ചു. 2003ലാണ് വിരമിച്ചത്. കസ്തൂരിരംഗന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായി ഇരിക്കുന്ന കാലയളവിലാണ് ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള യാത്രാപദ്ധതിയുടെ ആദ്യഘട്ട ആലോചനകള്‍ നടന്നത്.

ഇന്ത്യയുടെ പ്ലാനിങ് കമ്മീഷന്‍ അംഗം, ഐഎസ്ആര്‍ഒ സാറ്റലൈറ്റ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2003 മുതല്‍ 2009 വരെ രാജ്യസഭാ എംപിയായിരുന്നു. പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷനും ഡോ. കസ്തൂരിരംഗനായിരുന്നു. തുടര്‍ന്ന് വന്ന റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

1982ല്‍ പദ്മശ്രീയും 1992ല്‍ പദ്മ ഭൂഷണും 2000 ത്തില്‍ പദ്മ വിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. കസ്തൂരിരംഗന്‍ തലവനായ കമ്മിറ്റിയാണ് ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ട് വെച്ചത്.

സി.എം. കൃഷ്ണസ്വാമി അയ്യര്‍, വിശാലാക്ഷി ദമ്പതികളുടെ മകനായി 1940 ഒക്ടോബര്‍ 24ന് എറണാകുളത്താണ് ജനനം. അഞ്ചാം ക്ലാസുവരെ കേരളത്തില്‍ പഠിച്ച കസ്തൂരിരംഗന്‍ അതിന് ശേഷം പിതാവിനൊപ്പം മുംബൈയിലേക്ക് മാറി. മുംബൈയില്‍ വെച്ച് ഫിസിക്‌സില്‍ മാസ്റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് 1971ല്‍ എക്‌സിപിരിമെന്റല്‍ ഹൈ എനര്‍ജി ആസ്‌ട്രോണമിയില്‍ ഡോക്ടറേറ്റ് നേടി. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെയായിരുന്നു ഈ നേട്ടം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com