
പാര്‍ലമെന്റ് ആക്രമണത്തില്‍ പങ്കാളിയായ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. യാതൊരു ലക്ഷ്യവും ഇല്ലാത്ത നടപടിയായിരുന്നു അത്. ജമ്മു കശ്മീര്‍ സര്‍ക്കാരിന് അതില്‍ പങ്കില്ലായിരുന്നെന്നും ഒമര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഒമര്‍ നിലപാട് ആവര്‍ത്തിച്ചത്.
അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിട്ടായിരുന്നു ശിക്ഷാ നടപടി സ്വീകരിക്കേണ്ടതിരുന്നെങ്കില്‍, വധശിക്ഷ സംഭവിക്കില്ലായിരുന്നു. അദ്ദേഹത്തെ തൂക്കിലേറ്റിയതുകൊണ്ട് എന്തെങ്കിലും ലക്ഷ്യം നടപ്പായെന്ന് ചിന്തിക്കുന്നില്ലെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു. അഫ്സൽ ഗുരുവിൻ്റെ സഹോദരൻ അജാസ് അഹമ്മദ് ഗുരു ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒമറിന്റെ പ്രതികരണം. അതേസമയം, നാഷണൽ കോൺഫറൻസുമായുള്ള സഖ്യത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം, ബിജെപി ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
1999-ലെ IC814 തട്ടിയെടുക്കലുമായി ബന്ധപ്പെട്ട്, തടവുകാരെ മോചിപ്പിക്കാന്‍ പിതാവ് നിര്‍ബന്ധിതനായ സാഹചര്യത്തെക്കുറിച്ചും ഒമര്‍ വിശദീകരിച്ചു. ആ കാലഘട്ടത്തിൽ പിതാവ് ഫാറൂഖ് അബ്ദുള്ള നേരിട്ട വിഷമകരമായ സാഹചര്യങ്ങളെയും തീരുമാനങ്ങളെയും കുറിച്ചാണ് ഒമര്‍ വിശദീകരിച്ചത്. തടവുകാരെ മോചിപ്പിക്കാൻ പിതാവ് നിർബന്ധിതനായ ആദ്യത്തെ സംഭവമല്ല IC814 ഹൈജാക്ക് എന്നും ഒമർ അബ്ദുള്ള ഓര്‍മപ്പെടുത്തി. 1989-ൽ കശ്മീരി വിഘടനവാദികൾ തട്ടിക്കൊണ്ടുപോയ മുൻ ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിൻ്റെ മകൾ റുബയ്യ സയ്യിദിൻ്റെ കേസാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് വി.പി. സിംഗിൻ്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജമ്മു-കശ്മീർ ലിബറേഷൻ ഫ്രണ്ടിലെ അഞ്ച് ഭീകരരെ മോചിപ്പിച്ചിരുന്നതായി ഒമർ അബ്ദുള്ള പറഞ്ഞു.