എം.വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ

റിപ്പോര്‍ട്ടര്‍ ടി.വി മുൻ ചീഫ് എഡിറ്ററായിരുന്ന എം.വി നികേഷ് കുമാര്‍ കഴിഞ്ഞ ജൂണിലായിരുന്നു മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചത്
എം.വി നികേഷ് കുമാർ  സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ
Published on

മുൻ മാധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. നികേഷിനെ പ്രത്യേക ക്ഷണിതാവായാണ് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. റിപ്പോര്‍ട്ടര്‍ ടി.വി മുൻ ചീഫ് എഡിറ്ററായിരുന്ന എം.വി നികേഷ് കുമാര്‍ കഴിഞ്ഞ ജൂണിലായിരുന്നു മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചത്. സിപിഎം അംഗമായി പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാകുമെന്ന് റിപ്പോര്‍ട്ടര്‍ ടി.വിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയിലൂടെ നികേഷ് വ്യക്തമാക്കിയിരുന്നു.

2016ൽ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് നികേഷ് കുമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി അഴീക്കോട് മണ്ഡലത്തില്‍ നിന്നായിരുന്നു നികേഷ് നിയമസഭയിലേക്ക് മത്സരിച്ചത്. എന്നാല്‍, അന്ന് മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെ.എം ഷാജിക്കെതിരെ 2287 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പിന്നീട് ഒരു വര്‍ഷത്തിനുശേഷം, നികേഷ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Also Read:  നികേഷ് കുമാര്‍ സജീവ രാഷ്ട്രീയത്തിലേക്ക്; മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസിലൂടെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച നികേഷ്, 28 വർഷകാലം മാധ്യമ പ്രവർത്തകനായി സേവനമനുഷ്ഠിച്ചു. പിന്നീട്, ഇന്ത്യാവിഷന്‍ സംപ്രേഷണം ആരംഭിച്ചപ്പോള്‍, നികേഷ് അതിന്റെ സാരഥ്യം ഏറ്റെടുത്തു. എഡിറ്റര്‍ ഇന്‍ ചീഫ്, സിഇഒ എന്നീ പദവികളും വഹിച്ചു. ഇന്ത്യാവിഷനുശേഷം റിപ്പോര്‍ട്ടര്‍ ടി.വിക്കും അദ്ദേഹം തുടക്കമിട്ടു. ഏറെക്കാലത്തിനുശേഷം, പുതിയ ഉടമസ്ഥര്‍ക്കു കീഴില്‍ റിപ്പോര്‍ട്ടര്‍ ടി.വി മുഖംമിനുക്കി പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് നികേഷ് സ്ഥാനമൊഴിഞ്ഞത്. സിഎംപി നേതാവ് എം.വി രാഘവന്റെ മകനാണ് എം.വി നികേഷ് കുമാർ.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com