കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ മൂന്നാം ദിവസവും ചോദ്യം ചെയ്ത് സിബിഐ

നിതാ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സിബിഐ അന്വേഷണം ഊർജിതമാക്കിയത്
Screenshot 2024-08-18 141759
Screenshot 2024-08-18 141759
Published on

കൊൽക്കത്ത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷിനെ തുടർച്ചയായ മൂന്നാം ദിവസവും സിബിഐ ചോദ്യം ചെയ്തു. ശനിയാഴ്ച 13 മണിക്കൂറോളമായിരുന്നു മുന്‍ പ്രിന്‍സിപ്പാളെ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ രാത്രി വരെ ചോദ്യം ചെയ്യല്‍ നീണ്ടിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഘോഷിന് നിര്‍ദേശം ലഭിക്കുകയായിരുന്നു.

ഡോക്ടറുടെ കൊലപാതകം ആത്മഹത്യയാക്കാന്‍ ശ്രമിച്ചതിലാണ് ഘോഷിനെ സിബിഐ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. 

ഓഗസ്റ്റ് 9ന് വനിതാ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സിബിഐ അന്വേഷണം ഊർജിതമാക്കിയത്. കൊൽക്കത്ത പൊലീസ് കേസ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർന്നതിനെ തുടർന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

ആദ്യം കേസ് അന്വേഷിച്ച കൊൽക്കത്ത പൊലീസ് എസ്ഐടിയിലെ രണ്ട് അംഗങ്ങളെയും, ആശുപത്രിയിലെ നാല് ഡോക്ടർമാരെയും സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. സിബിഐയുടെ 12 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിങ്കളാഴ്ച ധാർമികതയുടെ പേരിൽ പ്രിൻസിപ്പൽ തസ്തികയിൽ നിന്ന് ഘോഷ് രാജിവെച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷം പശ്ചിമ ബംഗാൾ സർക്കാർ അദ്ദേഹത്തെ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൻ്റെ (സിഎൻഎംസിഎച്ച്) പ്രിൻസിപ്പലായി നിയമിച്ചു. ക്യാമ്പസിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കാതെ വിദ്യാർഥികളിൽ നിന്ന് പ്രതിഷേധവും അദ്ദേഹം നേരിട്ടിരുന്നു.

അതിനിടെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച ബിജെപി നേതാവിനോടും രണ്ട് ഡോക്ടർമാരോടും ഹാജരാകാൻ കൊൽക്കത്ത പൊലീസ് നിർദേശം നൽകി. നടിയും ബിജെപി നേതാവുമായ ലോക്കറ്റ് ചാറ്റർജി, ഡോക്ടർമാരായ കുനാൽ സർക്കാർ, സുബർണോ ഗോസ്വാമി എന്നിവരോടാണ് ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊലീസിന് മുന്നിൽ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com