
കേരള കലാമണ്ഡലം ചാൻസിലർ ഡോക്ടർ മല്ലിക സാരാഭായ്ക്ക് ഓണറേറിയവും ഓഫീസ് ചെലവും നൽകാനുള്ള തീരുമാനത്തെ എതിർത്ത് മുൻ രജിസ്ട്രാർ ഡോക്ടർ എൻആർ ഗ്രാമപ്രകാശ്. പ്രതിമാസം രണ്ട് ലക്ഷം രൂപ ആനുകൂല്യം നൽകാനുള്ള സർക്കാർ തീരുമാനം തെറ്റെന്നും ഒരു പണിയും ചെയ്യാതെയാണ് മല്ലിക പ്രതിഫലം വാങ്ങാൻ ഒരുങ്ങുന്നതെന്നും ഗ്രാമ പ്രകാശ് വിമർശിച്ചു.
2022ൽ കേരള കലാമണ്ഡലത്തിലെ ചാൻസിലറായി നിയമിതയായ മല്ലിക സാരാഭായി പ്രതിഫലമില്ലാതെ പദവി വഹിക്കുമെന്നായിരുന്നായിരുന്നു മുൻപ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവിലൂടെ പ്രതിമാസം രണ്ടു ലക്ഷം രൂപ ആനുകൂല്യമായി മല്ലികയ്ക്ക് നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 1,75,000 രൂപ ഓണറേറിയമായും ഇരുപത്തിഅയ്യായിരം രൂപ ഓഫീസ് ചെലവുകൾക്കായും ചാൻസിലർക്ക് അനുവദിക്കണമെന്ന നിലവിലെ രജിസ്ട്രാറുടെ കത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഇതിനെതിരെയാണ് മുൻ രജിസ്ട്രാറും സിൻഡിക്കേറ്റ് അംഗവും ഇടതുപക്ഷ സഹയാത്രികനുമായ ഡോക്ടർ എൻആർ ഗ്രാമപ്രകാശ് രംഗത്ത് വന്നിരിക്കുന്നത്.
മല്ലികയ്ക്ക് പ്രതിഫലം നൽകാനുള്ള തീരുമാനം സർവകലാശാലയെ സാമ്പത്തികമായി തകർക്കുമെന്നും കലാമണ്ഡലം ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത സമയത്ത് വൻ തുക ചിലവഴിക്കാനൊരുങ്ങുന്നത് തെറ്റായിപ്പോയെന്നും ഗ്രാമപ്രകാശ് വിമർശിച്ചു. കഴിഞ്ഞ മൂന്ന് എൽഡിഎഫ് സർക്കാരുകളുടെ കാലഘങ്ങളിലും കലാമണ്ഡലവുമായി ബന്ധപ്പെട്ട വിവിധ ചുമതലകൾ വഹിച്ചിരുന്ന ആളാണ് സാഹിത്യകാരൻ കൂടിയായ ഗ്രാമപ്രകാശ്.