കൂട്ടരാജി ധാർമികത കണക്കിലെടുത്ത്, ഒരുമിച്ചെടുത്ത തീരുമാനം: ജയൻ ചേർത്തല

ആരോപണങ്ങളെ ചില ചാനലുകൾ പീഡന ശ്രമമായി വ്യാഖ്യാനിക്കുന്നെന്നും മാധ്യമ വാർത്തകളിലൂടെയാണ് AMMA-യെ ജനം വിലയിരുത്തുന്നതെന്നും ജയൻ ചേർത്തല അഭിപ്രായപ്പെട്ടു.
കൂട്ടരാജി ധാർമികത കണക്കിലെടുത്ത്, ഒരുമിച്ചെടുത്ത തീരുമാനം: ജയൻ ചേർത്തല
Published on


AMMA-യിലെ കൂട്ടരാജിക്ക് പിന്നാലെ പ്രതികരണവുമായി മുൻ വൈസ് പ്രസിഡൻ്റ് ജയൻ ചേർത്തല. പലതവണ മോഹൻലാലുമായി സംസാരിച്ചെന്നും കൂട്ടരാജി തീരുമാനം എല്ലാവരുമായി കൂടിയാലോചിച്ചെടുത്തതാണെന്നും നടൻ വ്യക്തമാക്കി. ധാർമികത കണക്കിലെടുത്താണ് രാജി. ആരോപണങ്ങളെ ചില ചാനലുകൾ പീഡന ശ്രമമായി വ്യാഖ്യാനിക്കുന്നെന്നും മാധ്യമ വാർത്തകളിലൂടെയാണ് AMMAയെ ജനം വിലയിരുത്തുന്നതെന്നും ജയൻ ചേർത്തല അഭിപ്രായപ്പെട്ടു.

"AMMA വേട്ടക്കാർക്കൊപ്പമല്ല, ഇരയ്‌ക്കൊപ്പം തന്നെയാണ് നിലകൊള്ളുന്നത്. ആരോപണ വിധേയരിൽ തെറ്റ് ചെയ്യാത്തവർ അഗ്നിശുദ്ധി വരുത്തി തിരിച്ചു വരട്ടെ. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. അമ്മയെ അനാഥമാക്കാൻ ആകില്ല. രാജിക്ക് പിന്നാലെ ഇനി ഇലക്ഷൻ ജനറൽബോഡി വിളിച്ചു ചേർക്കും," ജയൻ ചേർത്തല വ്യക്തമാക്കി.

ആരോപണങ്ങളെ ചില ചാനലുകൾ പീഡന ശ്രമമായി വ്യാഖ്യാനിക്കുന്നെന്നും ഇതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും ജയൻ ചേർത്തല പറഞ്ഞു. കലാകാരന്മാർ പാർശ്വവത്കരിക്കപ്പെടുന്നതായും നടൻ അഭിപ്രായപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും പുറത്തു വിടണമെന്നും, റിപ്പോർട്ടിൽ പറയുന്ന പ്രമുഖകർ ആരെന്ന് അറിയില്ലെന്നും ജയൻ ചേർത്തല നേരത്തെ പറഞ്ഞിരുന്നു. ഇത്രയും പ്രശ്നങ്ങൾ സിനിമയിൽ ഉണ്ടെന്ന് റിപ്പോർട്ട് കണ്ടാണ് അറിഞ്ഞതെന്നും അന്ന് നടൻ പറഞ്ഞിരുന്നു. എത്ര ഉന്നതനായാലും അമ്മ വേട്ടക്കാരനൊപ്പം നിൽക്കില്ലെന്നും അന്വേഷണം നടത്തി കുറ്റക്കാരനാണെന്ന് കണ്ടാൽ ആരെയും സംരക്ഷിക്കില്ലെന്നും ജയൻ ചേർത്തല വ്യക്തമാക്കിയിരുന്നു.

ഭരണസമിതി പിരിച്ചുവിട്ടതും രാജിവെച്ചതും ധാർമികത ഉയർത്തിപ്പിടിച്ചാണെന്ന് AMMA മുൻ എക്സിക്യൂട്ടീവ് മെമ്പർ ജോയ് മാത്യുവും പ്രതികരിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തി പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍ ഇല്ലാതായതോടെ, പ്രസിഡൻ്റ് മോഹൻലാൽ ഉൾപ്പെടെ AMMA എക്സിക്യൂട്ടീവിലെ 17 അംഗങ്ങളും രാജിവച്ചു. ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തിയാണ് രാജിയെന്നാണ് സംഘടന പുറത്തുവിട്ട കത്തില്‍ പറയുന്നത്. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കും. അതുവരെ നിലവിലുള്ള ഭരണസമിതി തത്കാലിക സംവിധാനമായി തുടരുമെന്നും സംഘടന അറിയിച്ചു. സംഘടനയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണിത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com