ലൈംഗികാരോപണം നേരിട്ട മുന്‍ വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ്പ് തിയോഡോര്‍ മക്കാരിക്ക് അന്തരിച്ചു

2018ലാണ് മക്കാരിക്കിനെതിരെ ആരോപണം ഉയര്‍ന്നത്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് മക്കാരിക്ക് പീഡനത്തിനിരയാക്കിയെന്ന വെളിപ്പെടുത്തലില്‍ അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ലൈംഗികാരോപണം നേരിട്ട മുന്‍ വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ്പ് തിയോഡോര്‍ മക്കാരിക്ക് അന്തരിച്ചു
Published on


ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ ആദ്യമായി പോപ്പ് തിരുവസ്ത്രം തിരിച്ചുവാങ്ങിയ മുന്‍ വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ തിയോഡോര്‍ മക്കാരിക്ക് അന്തരിച്ചു. 94 വയസായിരുന്നു. വത്തിക്കാനെ ഉദ്ധരിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മരണം സ്ഥിരീകരിച്ചതായി നിലവിലെ വാഷിങ്ടണ്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ റോബര്‍ട്ട് മക്എല്‍റോയിയും പറഞ്ഞു.

'തിയോഡോര്‍ മക്കാരിക്ക് മരിച്ചതായി അറിഞ്ഞു. ഈ സമയത്ത് അദ്ദേഹം ബിഷപ്പായിരിക്കെ ഉപദ്രവിച്ച ഇരകളെ ഓര്‍ക്കുന്നു. ലൈംഗികമായി ഇരയാക്കപ്പെട്ട അവര്‍ ഞങ്ങളുടെ പ്രാര്‍ഥനകളില്‍ എപ്പോഴും ഉണ്ടാകും,' ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്തയാളെ പീഡിപ്പിച്ച കേസില്‍ തിയോഡോര്‍ മക്കാരിക്ക് കുറ്റക്കാരനമാണെന്ന് 2019ല്‍ വത്തിക്കാന്‍ കോടതി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പോപ്പ് മക്കാരിക്കിന്റെ തിരുവസ്ത്രം തിരികെ വാങ്ങിയത്.

2018ലാണ് മക്കാരിക്കിനെതിരെ ആരോപണം ഉയര്‍ന്നത്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് മക്കാരിക്ക് പീഡനത്തിനിരയാക്കിയെന്ന വെളിപ്പെടുത്തലില്‍ അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 1970-ലാണ് പീഡനത്തിനിരയാക്കിയതെന്നായിരുന്നു വെളിപ്പെടുത്തല്‍.

പ്രായപൂര്‍ത്തിയാകാത്തവരെയും യുവാക്കളെയും ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് കാണിച്ച് കൂടുതല്‍ പേര്‍ ആരോപണവുമായി രംഗത്തെത്തി. 2001-2006 വരെ വാഷിങ്ടണ്‍ ഡിസിയിലെ ആര്‍ച്ച് ബിഷപ്പായിരുന്നു മക്കാരിക്ക്. കത്തോലിക്കാ സഭയില്‍ നിന്ന് പുറത്താക്കപ്പെടുന്ന ഏറ്റവും മുതിര്‍ന്ന ബിഷപ്പുമാരില്‍ ഒരാളാണ് മക്കാരിക്ക്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com