
കേരളത്തിലെ പ്രഥമ ഫുട്‌ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയില്‍ തന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ടീമിന്റെ പേര് പ്രഖ്യാപിച്ച് നടൻ പൃഥ്വിരാജ്. 'ഫോഴ്‌സാ കൊച്ചി എഫ്.സി' എന്നാണ് ടീമിന് പേരിട്ടത്. കേരള ഫുട്‌ബോളിൽ ഒരു പുത്തൻ ചരിത്രം തുടങ്ങാൻ ഇറങ്ങുകയാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു. "കാൽപന്തിന്റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങൾ കളത്തിൽ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ!," നടൻ അറിയിച്ചു.
പൃഥ്വിരാജും ഭാര്യ സുപ്രിയയും ക്ലബ്ബിന് പേര് നിർദ്ദേശിക്കാനാവശ്യപ്പെട്ട് സാമൂഹി മാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളിൽ നിന്നാണ് പൃഥ്വി ടീമിൻ്റെ പേര് തീരുമാനിച്ചത്. കേരളത്തിലെ ഫുട്ബോൾ ഇതിഹാസങ്ങളെ ഉൾപ്പെടുത്തി ആരംഭിക്കുന്ന സൂപ്പർ ലീഗ് കേരളയുടെ (എസ്.എൽ.കെ) ആദ്യ സീസണിൽ ആറ് ടീമുകളാണ് മത്സരിക്കുക. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് തീപാറും പോരാട്ടങ്ങൾ കാഴ്ചവെയ്ക്കുക.
സഞ്ജു സാംസണിന്റെ സഹകരണത്തോടെ കേരളത്തിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനം ഒരു ടീമിനെ സ്വന്തമാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിലൊന്നും ഇതുവരെ സ്ഥിരീകരണമായിട്ടില്ല.