
ഗാസയില്‍ ടെല്‍ അല്‍ സുല്‍ത്താനില്‍ ഇസ്രയേല്‍ കൊലപ്പെടുത്തിയ 15 രക്ഷാപ്രവര്‍ത്തകരുടെയും അടിയന്തര രക്ഷാപ്രവര്‍ത്തകരുടെയും മൃതശരീരങ്ങള്‍ കൂട്ടമായി മറവുചെയ്തതായി കണ്ടെത്തി. വലിയ കുഴിമാടത്തില്‍ സൈനിക ബുള്‍ഡോസര്‍ ഉപയോഗിച്ച് മറവു ചെയ്തതായായാണ് കണ്ടെത്തിയതെന്ന് യുണൈറ്റഡ് നേഷന്‍സ്.
രക്ഷാപ്രവര്‍ത്തകരാണെന്ന് കൃത്യമായി അവര്‍ സഞ്ചരിച്ച വാഹനത്തില്‍ രേഖപ്പെടുത്തിയിരുന്നതായി പലസ്തീന്‍ റെഡ്‌ക്രോസ് അറിയിച്ചു. എന്നാല്‍ സംശയകരമായി സൈന്യത്തിന് നേരെ വന്ന വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്.
മൃതദേഹങ്ങള്‍ കൂട്ടമായി മറവുചെയ്തതായി കണ്ടെത്തിയതിന് പിന്നാലെ പലസ്തീനുകാര്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തി. എട്ട് റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍, ഗാസയുടെ സിവില്‍ ഡിഫന്‍സ് എമര്‍ജന്‍സി യൂണിറ്റ് അംഗങ്ങളായ ആറ് പേര്‍, പലസ്തീനുകാര്‍ക്ക് വേണ്ടിയുള്ള യുഎന്നിന്റെ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎ സ്റ്റാഫുകള്‍ എന്നിവരാണ് ഇസ്രയേര്‍ ആക്രമണത്തില്‍ മരിച്ചത്.
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം 18 മാസം പിന്നിടുമ്പോള്‍ ഇതുവരെ 100 സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരെയും 1000ത്തിലധികം ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടുവെന്ന് യുഎന്‍ അറിയിച്ചു.