നാല് കുട്ടികളുടെ ജീവന്‍ പൊലിഞ്ഞത് സ്ഥിരം അപകടമേഖലയില്‍; കല്ലടിക്കോട് പ്രതിഷേധവുമായി നാട്ടുകാര്‍

സ്ഥിരം അപകടമേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായില്ല
നാല് കുട്ടികളുടെ ജീവന്‍ പൊലിഞ്ഞത് സ്ഥിരം അപകടമേഖലയില്‍;  കല്ലടിക്കോട് പ്രതിഷേധവുമായി നാട്ടുകാര്‍
Published on

പാലക്കാട് കല്ലടിക്കോട് നാല് വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടത്തിനു പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍. സിമന്റ് കയറ്റിയ ലോറി നിയന്ത്രണം വിട്ട് വിദ്യാര്‍ഥികളുടെ മേല്‍ മറിഞ്ഞാണ് അപകടമുണ്ടായത്. സ്ഥിരം അപകടമേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഇന്ന് വീണ്ടും നാല് ജീവന്‍ പൊലിഞ്ഞതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ഇറക്കവും വളവും അപകടത്തിന് കാരണമാകും. അപകടം പതിവായപ്പോള്‍ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടം കുറഞ്ഞില്ല.


6 വര്‍ഷത്തിനിടെ 35 അപകട മരണങ്ങളാണ് ഇവിടെ ഉണ്ടായത്.  2022 ല്‍ കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ പറഞ്ഞതനുസരിച്ച് ഇതുവരെ ഇവിടെ 55 അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ മരിക്കുകയും 65 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കരിമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ നാല് പേരാണ് ഇന്നുണ്ടായ അപകടത്തില്‍ മരിച്ചത്. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് ലോറി മറിയുകയായിരുന്നു. മൂന്ന് മൃതദേഹങ്ങള്‍ ഇസാഫ് ആശുപത്രിയിലേക്കും ഒരു മൃതദേഹം മണ്ണാര്‍ക്കാട് മദര്‍കെയര്‍ ആശുപത്രിയിലേക്കും മാറ്റി. ലോറി ഡ്രൈവറും ക്ലീനറും പരുക്കുകളോടെ മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com