
യുഎസിലെ കെൻ്റക്കിയിലെ വീട്ടിൽ പിറന്നാൾ പാർട്ടിക്കിടെയുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടതായും, മൂന്നു പേർക്ക് പരിക്കേറ്റതായും ഫ്ലോറൻസ് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസമാണ് സംഭവം ഉണ്ടായത്. പൊലീസ് എത്തുന്നതിനു മുൻപേ തന്നെ പ്രതി രക്ഷപ്പെട്ടിരുന്നെന്നും തുടർന്ന് നടന്ന തിരച്ചിലിൽ വാഹനത്തിൽ സ്വയം വെടിയേറ്റ് മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.
പാർട്ടിയിൽ പങ്കെടുത്തവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതിയെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിൽ ഇയാൾക്കെതിരെ ലൈംഗീകാതിക്രമത്തിന് മറ്റൊരു കേസ് നേരത്തെ ഉണ്ടായിരുന്നതായും പൊലീസ് മേധാവി ജെഫ് മല്ലേരി പറഞ്ഞു. പ്രതി ഒറ്റയ്‌ക്കാണ് കൊലനടത്തിയതെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞത്. വിശദമായ അന്വേഷണം നടക്കുകയാണെന്നും നിലവിൽ മറ്റാർക്കും പരിക്കുകൾ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.