
കോട്ടയം മെഡിക്കല്‍ കോളജിൽ മൂന്നു വയസുകാരി മരിച്ച സംഭവത്തില്‍ റിപ്പോർട്ട് സമർപ്പിക്കാൻ നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. അടിയന്തര അന്വേഷണത്തിനാണ് ആശുപത്രി സുപ്രണ്ട് ഡോ. കെ. പി ജയപ്രകാശ് ഉത്തരവിട്ടത്. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആണ് നിർദേശം. കുട്ടിക്ക് ചികിത്സ ലഭിക്കാൻ വൈകിയെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. മെഡിക്കൽ കോളജിലെ ചികിത്സ വൈകിയതാണ് കുട്ടിയുടെ മരണകാരണമെന്നാണ് രക്ഷിതാക്കളുടെ ആരോപണം. നഴ്‌സിങ് ജീവനക്കാർ മോശമായി പെരുമാറി.
കുട്ടി മരിച്ചതിൽ ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചെന്നും ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം അനുഭവം ഉണ്ടായതായും കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചിരുന്നു. ഇടുക്കി കട്ടപ്പന സ്വദേശികളായ വിഷ്ണു ആഷ ദമ്പതികളുടെ മകൾ ഏകാ അപർണികയായിരുന്നു മരിച്ചത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ദഹന അവയവങ്ങളുടെ തകരാർ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഫിറ്റ്‌സ് മൂലം ഹൃദയസ്തംഭനം ഉണ്ടായതാണ് മരണകാരണമെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്. ചികിത്സ പിഴവ് ആരോപിച്ചു കുട്ടിയുടെ മാതാപിതാക്കൾ കട്ടപ്പന പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.