
കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് കേസിൽ പ്രതികളായ നാല് വിദ്യാർഥികളെ കോളേജിൽ നിന്ന് പുറത്താക്കി. ആകാശ്, ആദിത്യൻ , അഭിരാജ്, അനുരാജ് എന്നീ വിദ്യാർഥികളെയാണ് പുറത്താക്കിയത്. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ പുറത്താക്കിയത്. പുറത്താക്കപ്പെട്ട വിദ്യാർഥികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് കോളേജ് അധികൃതർ അറിയിച്ചു.
മാർച്ച് 13നായിരുന്നു രഹസ്യവിവരത്തെ തുടർന്ന് കളമശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിൽ രണ്ട് കിലോയോളം വരുന്ന കഞ്ചാവ് ശേഖരം പിടികൂടിയത്. സംഭവത്തെ തുടർന്ന് കോളേജിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. കമ്പ്യൂട്ടർ എൻജിനീയറിംഗ് എച്ച്ഒഡിയുടെ നേതൃത്വത്തിലാണ് ആഭ്യന്തര അന്വേഷണം നടക്കുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി അധ്യാപക സമിതി വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
പോളിടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് കൈമാറിയത് എറണാകുളത്തെ വൻ ലഹരി സംഘമെന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ പിടിയിലായ അഹെന്തോ മണ്ഡൽ, സൊഹൈൽ എന്നിവർ ഇതരസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനികൾ ആണെന്നാണ് കണ്ടെത്തിയിട്ടുണ്ട്. ഹോസ്റ്റൽ വിദ്യാർഥികളുമായി ഇടപാട് തുടങ്ങിയിട്ട് ഏഴ് മാസമായെന്നും ഇവർ പൊലീസിന് മൊഴി നൽകിയിരുന്നു. എറണാകുളം നഗരം, കളമശേരി, ആലുവ പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ കഞ്ചാവ് വിൽപന നടത്തിയത്.