
ആപ്പിൾ വിതരണക്കാരായ ഫോക്സ്കോൺ വിവാഹിതരായ സ്ത്രീകൾകൾക്ക് ജോലി നൽകുന്നില്ലെന്ന വാർത്തക്ക് പിന്നാലെ സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര മാധ്യമ ഏജൻസിയായ റോയിട്ടേഴ്സാണ് സ്ത്രീകളെ നിയമിക്കുന്നില്ലെന്ന വാർത്ത പുറത്തുവിട്ടത്. 1976ലെ തുല്യ വേതന നിയമപ്രകാരം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ സ്ത്രീ-പുരുഷ വിവേചനം പാടില്ലെന്ന് വ്യക്തമായി അനുശാസിക്കുന്നുണ്ട്. സംഭവത്തിൽ വസ്തുതകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ റീജീയണൽ ചീഫ് ലേബർ കമ്മീഷണറുടെ ഓഫീസിനും നിർദേശം നൽകിയതായി കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞദിവസം റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച അന്വേഷണാത്മക പരമ്പരയിൽ ചെന്നൈക്കടുത്തുള്ള ഐഫോൺ പ്ലാൻ്റിൽ നിന്നും വിവാഹിതരായ സ്ത്രീകളെ ഫോക്സ്കോൺ ആസൂത്രിതമായി ഒഴിവാക്കുന്നതായി കണ്ടെത്തി. അവർക്ക് അവിവാഹിതരായ സഹപ്രവർത്തകരേക്കാൾ കൂടുതൽ കുടുംബ ഉത്തരവാദിത്തങ്ങളുമുണ്ടെന്നതാണ് കാരണം. എന്നാൽ കുടുംബജോലികളും, ഗർഭധാരണം, ജോലിക്ക് കൃത്യമായി ഹാജരാകാതിരിക്കൽ തുടങ്ങിയവയാണ് വിവാഹിതരായ സ്ത്രീകളെ പ്ലാൻ്റിൽ ജോലിക്കെടുക്കാത്തതിൻ്റെ കാരണമെന്നാണ് കമ്പനി അധികൃതർ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
റിപ്പോർട്ടിൽ പാരാമർശിച്ചിരിക്കുന്ന ശ്രീ പെരുമ്പത്തൂർ പ്ലാൻ്റിൽ 2022ൽ നടന്ന നിയമന രീതികളിലെ വീഴ്ചകൾ അംഗീകരിക്കുന്നതായും, പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചുവെന്നും ആപ്പിൾ കമ്പനി പറയുന്നു. എന്നാൽ 2023, 2024 വർഷങ്ങളിൽ നടന്ന സംഭവങ്ങളെ കുറിച്ച് കമ്പനി യാതൊരു വിശദീകരണവും നൽകിയിട്ടില്ല. വൈവാഹിക പദവി, ലിംഗഭേദം, മതം അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലുള്ള തൊഴിൽ വിവേചനങ്ങൾ കമ്പനിയിൽ നടക്കുന്നെന്ന വാദം ശക്തമായി എതിർക്കുന്നുവെന്ന് ഫോക്സ്കോൺ വ്യക്തമാക്കി.
വിവാഹത്തിൻ്റെ അടിസ്ഥാനത്തിൽ തൊഴിൽ നിയമനത്തിൽ വിവേചനം കാണിക്കുന്നത് തടയാൻ നിലവിൽ ഇന്ത്യയിൽ നിയമങ്ങളില്ലെന്ന് റോയിട്ടേഴ്‌സ് അഭിഭാഷകർ പറഞ്ഞു. എന്നിരുന്നാലും ആപ്പിളിൻ്റെയും ഫോക്‌സ്‌കോണിൻ്റെയും പോളിസി പ്രകാരം ഇത്തരം നിയമന രീതികൾ റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.