റഷ്യയും യുക്രെയ്‌നും തമ്മില്‍ ഒരു മാസത്തെ ഭാഗിക വെടി നിര്‍ത്തല്‍ നിര്‍ദേശിച്ച് ഫ്രാന്‍സ്

'യുദ്ധം നിര്‍ത്താന്‍ റഷ്യ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഈ ഒരു മാസം കൊണ്ട് അറിയാം'
റഷ്യയും യുക്രെയ്‌നും തമ്മില്‍ ഒരു മാസത്തെ ഭാഗിക വെടി നിര്‍ത്തല്‍ നിര്‍ദേശിച്ച് ഫ്രാന്‍സ്
Published on


റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധത്തില്‍ ഒരു മാസത്തെ ഭാഗിക സമാധാന ഉടമ്പടി നിര്‍ദേശവുമായി ഫ്രാന്‍സ്. 2022 ല്‍ തുടങ്ങിയ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് ഈ ഒരു മാസംകൊണ്ട് വ്യക്തമാകുമെന്നും ഫ്രഞ്ച് വിദേശ കാര്യമന്ത്രി ഴാന്‍ നോയല്‍ ബാരറ്റ് പറഞ്ഞു.

വായു, കടല്‍, നിര്‍ണായക അടിസ്ഥാന ഊര്‍ജ സൗകര്യങ്ങള്‍ എന്നിവയിലുള്ള വെടിനിര്‍ത്തലാണ് ഫ്രാന്‍സ് മുന്നോട്ട് വെച്ചത്. എന്നാൽ കരയുദ്ധം നിലവിൽ ഇതിൽ ഉൾപ്പെടുന്നില്ല. ഫ്രാന്‍സും യു.കെയും ഇടക്കാല വെടിനിര്‍ത്തലിനായി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വ്യക്തമാക്കി. 

അടുത്ത ആഴ്ചകളിലൊന്നും യുക്രെയ്ന്‍ മണ്ണില്‍ യൂറോപ്യന്‍ സൈന്യം വരാന്‍ പോകുന്നില്ല. നിരവധി ആഴ്ചകള്‍ നീണ്ടു നിന്നേക്കാവുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ എങ്ങനെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്നാണ് ചോദ്യമെന്നും മാക്രോണ്‍ പറഞ്ഞു.

എന്നാല്‍ വെടിനിര്‍ത്തല്‍ എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്ന് ചിന്തിച്ചിട്ടില്ലെന്നാണ് യു.കെ സായുധ സേന മന്ത്രി ലൂക്ക് പൊള്ളാര്‍ഡ് പറഞ്ഞത്. പക്ഷെ വെടിനിര്‍ത്തല്‍ എങ്ങനെ വേണം എന്നത് സംബന്ധിച്ച് ഫ്രാന്‍സുമായും യൂറോപ്യന്‍ സഖ്യങ്ങളുമായും ചേര്‍ന്ന് ആലോചിച്ചുകൊണ്ടിരിക്കുയാണ്. യുക്രെയിനില്‍ ദീര്‍ഘകാലം നില്‍ക്കുന്ന സമാധാനാന്തരീക്ഷം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രെയിന്‍ പ്രിസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയും തമ്മില്‍ വൈറ്റ് ഹൗസില്‍ വെച്ചുണ്ടായ ചര്‍ച്ചകള്‍ക്ക് പിന്നാലെ യൂറോപ്യന്‍ നേതാക്കള്‍ സെലന്‍സിക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക്, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയ നേതാക്കളാണ് സെലന്‍സ്‌കിയെയും യുക്രെയ്‌നെയും പിന്തുണച്ചെത്തിയത്.

തുടക്കം മുതല്‍ പോരാടുന്നവരോട് ബഹുമാനമാണെന്നും. കാരണം അവര്‍ തങ്ങളുടെ അന്തസിനും സ്വാതന്ത്ര്യത്തിനും കുട്ടികള്‍ക്കും യൂറോപ്പിന്റെ സുരക്ഷയ്ക്കും വേണ്ടിയാണ് പോരാടുന്നതെന്നാണ് മാക്രോണ്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് സമാധാന ചര്‍ച്ചകളുമായി ഫ്രാന്‍സ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com