"പണം ലഭിച്ചെന്ന വാർത്ത അടിസ്ഥാനരഹിതം"; പകുതി വില തട്ടിപ്പ് കേസ് പ്രതിയുടെ ആരോപണങ്ങൾ തള്ളി ഫ്രാൻസിസ് ജോർജ്

"പണം വാങ്ങിച്ചു എന്ന് അനന്തു കൃഷ്ണൻ പറഞ്ഞാൽ താൻ നിയമനടപടി സ്വീകരിക്കും. പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. പാർട്ടി ഫണ്ട് സംഭാവന എന്നുള്ള ഒരു തരത്തിലും പണം വാങ്ങിയിട്ടില്ല"
"പണം ലഭിച്ചെന്ന വാർത്ത അടിസ്ഥാനരഹിതം"; പകുതി വില തട്ടിപ്പ് കേസ് പ്രതിയുടെ ആരോപണങ്ങൾ തള്ളി ഫ്രാൻസിസ് ജോർജ്
Published on

ഫ്രാൻസിസ് ജോർജിന് തെരഞ്ഞെടുപ്പ് ഫണ്ടിനായി പണം നൽകിയെന്ന പകുതി വില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണന്റെ മൊഴിയിൽ പ്രതികരണവുമായി ഫ്രാൻസിസ് ജോർജ് എംപി. ആരോപണം അടിസ്ഥാനരഹിതമാണെന്നും കേസിനെക്കുറിച്ച് അറിയുന്നത് പ്രതിയെ അറസ്റ്റ് ചെയ്തതിനു ശേഷമാണെന്നും ഫ്രാൻസിസ് ജോർജ് എംപി പ്രതികരിച്ചു.

അനന്തു കൃഷ്ണനുമായി കേസിൽ നേരിട്ട് ബന്ധമില്ല. തനിക്ക് പണം ലഭിച്ചുവെന്ന് പറയുന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. തനിക്കെതിരെ അനന്തുകൃഷ്ണൻ നേരിട്ട് ആരോപണം ഉന്നയിച്ചതായി അറിയില്ല. പണം വാങ്ങിച്ചു എന്ന് അനന്തു കൃഷ്ണൻ പറഞ്ഞാൽ താൻ നിയമനടപടി സ്വീകരിക്കും. പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. പാർട്ടി ഫണ്ട് സംഭാവന എന്നുള്ള ഒരു തരത്തിലും പണം വാങ്ങിയിട്ടില്ല. പ്രതി തൊടുപുഴക്കാരൻ ആണെന്ന് അറിയുന്നു. അവിടെ വച്ച് കണ്ടിട്ടുണ്ടാകാം, പക്ഷേ നേരിട്ട് ബന്ധമില്ലെന്നും ഫ്രാൻസിസ് ജോർജ് എംപി പ്രതികരിച്ചു. ഫ്രാൻസിസ് ജോർജിന് തെരഞ്ഞെടുപ്പ് ഫണ്ടിനായി ഒൻപത് ലക്ഷം രൂപ നൽകിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന അനന്തു കൃഷ്ണൻ്റെ മൊഴി.

പ്രതി അനന്തു കൃഷ്ണന്റെ പക്കൽ നിന്നും പണം വാങ്ങിയെന്ന ആരോപണം നേരത്തെ മാത്യു കുഴൽനാടൻ എംഎൽഎ നിഷേധിച്ചിരുന്നു. ഒരു തരത്തിലുള്ള ബന്ധവും പ്രതിയുമായി ഉണ്ടായിട്ടില്ല. അനന്തു കൃഷ്ണൻ ഇതുവരെ തൻ്റെ പേര് പരാമർശിച്ചിട്ടില്ലെന്നും പ്രഥമ ദൃഷ്ട്യാ സാഹചര്യ തെളിവുകളെങ്കിലും ഉണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കിയിരുന്നു. ഏഴ് ലക്ഷം പോയിട്ട് ഏഴ് രൂപ പോലും വാങ്ങിയിട്ടില്ല. ഏത് മന്ത്രിമാരും എംഎൽഎമാരുമാണ് പരിപാടിയിൽ പങ്കെടുക്കാത്തത്. അവര് വിളിച്ച രണ്ട് പരിപാടിയിൽ പോയില്ല, മൂന്നാമത്തെ പരിപാടിയിൽ വൈകിയാണ് എത്തിയതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. നേരത്തെ യുഡിഎഫ് എംഎൽഎ ഏഴ് ലക്ഷം രൂപ കയ്യിൽ വാങ്ങിയതായാണ് പ്രതിയുടെ മൊഴിയെന്ന തരത്തിൽ പുറത്തു വന്നിരുന്ന വിവരം. പിന്നാലെ മാത്യു കുഴൽനാടൻ്റെ വാദങ്ങൾ അനന്തു കൃഷ്ണനും ശരിവച്ചു. കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു അനന്തു കൃഷ്ണൻ ഈ വാർത്തകള്‍ തള്ളിയത്.

ഫ്രാൻസിസ് ജോർജ് എംപിയും മാത്യു കുഴൽനാടനും കൂടാതെ ഡീൻ കുര്യാക്കോസിനെക്കുറിച്ചും പ്രതി സമാനമായ രീതിയിലുള്ള ആരോപണം ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ ഡീൻ കുര്യാക്കോസ് 15 ലക്ഷം രൂപ മാത്രമേ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകിയുള്ളുവെന്നായിരുന്നു പ്രതിയുടെ മൊഴിയെന്ന രീതിയിൽ പുറത്തു വന്ന മറ്റൊരു ആരോപണം. രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതിന്‍റെ കോൾ റെക്കോർഡിങ്ങുകളും, വാട്സ്ആപ്പ് ചാറ്റുകളും സൂക്ഷിച്ചത് ക്ലൗഡ് സ്റ്റോറേജിലാണെന്നാണ് അനന്ദു കൃഷ്ണന്റെ മൊഴി. പ്രതിയുടെ കോൾ റെക്കോർഡിങ്ങുകളും, വാട്സ്ആപ്പ് ചാറ്റുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com