
മതസ്വാതന്ത്ര്യം നിർബന്ധിത മതപരിവർത്തനത്തിന് വഴിവെക്കരുതെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവ്. നിയമവിരുദ്ധമായി മതംമാറ്റം നടത്തിയെന്നാരോപിച്ച് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചു. ഭരണഘടന പൗരന്മാർക്ക് സ്വതന്ത്രമായി മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും അവകാശം നൽകുന്നുണ്ടെങ്കിലും അത് നിർബന്ധിത മതപരിവർത്തനത്തിനുള്ള അവകാശമായി വിപുലീകരിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ചിലെ ശ്രീനിവാസ് റാവ് നായിക്കിൻ്റെ ജ്യാമാപേക്ഷയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്. 2021 ൽ മത പരിവർത്തന നിരോധനവിരുദ്ധ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇഷ്‌ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശം ഭരണഘടന എല്ലാ പൗരന്മാർക്കും നൽകുന്നുണ്ട്. എന്നാൽ അതിൻ്റെ പേരിൽ ആരെയും നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ ആർക്കും അവകാശമോ അധികാരമോ ഇല്ല. മതസ്വാതന്ത്ര്യം വ്യക്തികളിൽ നിക്ഷിപ്തമാണ്.
മെച്ചപ്പെട്ട ജീവിതം വാഗ്‌ദാനം ചെയ്‌ത് ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്‌തുമതത്തിലേക്ക് മാറാൻ പ്രതി പ്രേരിപ്പിക്കുകയായിരുന്നു. മതപരിപർത്തനത്തിൻ്റെ പേരിൽ ശ്രീനിവാസ് റാവ് നായിക്കിനെ കള്ളക്കേസിൽ കുരുക്കിയതാണെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം. ക്രിസ്തുമതത്തിൽപെട്ടയാരും സംഭവത്തിൽ പ്രതിയെന്നാരോപിക്കപ്പെട്ടയാൾക്കെതിരെ പരാതി നൽകിയിട്ടില്ലന്നും അഭിഭാഷകൻ വാദിച്ചു. ബലപ്രയോഗം ,വഞ്ചന, അനാവശ്യ സ്വാധീനം, എന്നിവയെ അടിസ്ഥാനമാക്കി ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് 2021 ലെ നിയമത്തിൻ്റെ 3 സെക്ഷൻ പ്രകാരം കർശനമായി നിരോധിച്ചിരുന്നു.