കാന്‍സർ പ്രതിരോധം മുതൽ അടിസ്ഥാന വികസന രംഗത്തെ പങ്കാളിത്തം വരെ; ക്വാഡ് ഉച്ചകോടിക്ക് തിരശ്ശീല വീഴുമ്പോൾ...

കാന്‍സർ മൂണ്‍ഷോട്ട് പദ്ധതി ഇന്‍ഡോ-പസഫിക് മേഖലയിലെ സെർവിക്കല്‍ ക്യാന്‍സർ പ്രതിരോധത്തിലൂന്നിയുള്ളതാണ്
കാന്‍സർ പ്രതിരോധം മുതൽ അടിസ്ഥാന വികസന രംഗത്തെ പങ്കാളിത്തം വരെ; ക്വാഡ് ഉച്ചകോടിക്ക് തിരശ്ശീല വീഴുമ്പോൾ...
Published on

ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ രാജ്യങ്ങളൊന്നിച്ച ക്വാഡ് നയതന്ത്ര ഉച്ചകോടിക്ക് തിരശ്ശീല വീണു. കാന്‍സർ പ്രതിരോധത്തിന് പുതിയ മാർഗരേഖയുണ്ടാക്കുന്നത് മുതല്‍ സമുദ്ര സുരക്ഷ, തുറമുഖ വികസനം, സാങ്കേതിക വിദ്യ, ഡിസാസ്റ്റർ മാനേജ്മെന്‍റ് അടക്കം രംഗങ്ങളിലെ പങ്കാളിത്ത പ്രവർത്തനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ക്വാഡ് ഉച്ചകോടിയിലുണ്ടായത്.

കാന്‍സർ മൂണ്‍ഷോട്ട് പദ്ധതി ഇന്‍ഡോ-പസഫിക് മേഖലയിലെ സെർവിക്കല്‍ ക്യാന്‍സർ പ്രതിരോധത്തിലൂന്നിയുള്ളതാണ്. ഇന്‍ഡോ പസഫിക് മേഖലയില്‍ സ്ത്രീകളിലെ മൂന്നാമത്തെ വലിയ മരണകാരണമായി കണക്കാക്കപ്പെടുന്ന സെർവിക്കല്‍ കാന്‍സർ എച്ച്പിവി വാക്സിനേഷനിലൂടെ പ്രതിരോധിക്കാവുന്നതും, നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ചു മാറ്റാവുന്നതുമാണ്. അതിനായി ക്വാഡ് രാഷ്ട്രങ്ങളുടെ പങ്കാളിത്തതോടെ രോഗം കണ്ടെത്താനും വാക്സിനേഷൻ വ്യാപകമാക്കാനും ഉള്ളതാണ് പദ്ധതി. സിറം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യയും അന്താരാഷ്ട്ര വാക്സിനേഷന്‍ സഖ്യമായ ഗവിയും നേതൃത്വം കൊടുക്കുന്ന ഈ സംരംഭത്തിനായി 7.5 ദശലക്ഷം ഡോളറാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

സമുദ്ര-തീര സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പങ്കാളിത്ത പ്രവർത്തനങ്ങളാണ് അറ്റ് സീ ഷിപ്പ് ഒബ്സർവർ മിഷന്‍. ഇൻഡോ-പസഫിക്കിലുടനീളമുള്ള സുരക്ഷാസേനകളുടെ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള സംരംഭമാണിത്. സമുദ്ര നിരീക്ഷണത്തിലടക്കം വിദഗ്ധ പരിശീലനം ലക്ഷ്യമിട്ടുള്ള സംരംഭമാണ് മെെത്രി. ക്വാഡ് രാജ്യങ്ങളുടെ കെെവശമുള്ള വെെദഗ്ധ്യവും ക്വാഡിന്‍റെ സാങ്കേതിക നിരീക്ഷണോപകരണമായ മാരിടെെം ഡൊമെെന്‍ അവേർനസ് അടക്കം സാധ്യതകളും പ്രയോജനപ്പെടുത്തുന്ന ട്രെയ്നിംഗ് പ്രോഗ്രാമിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2025 ക്വാഡ് ഉച്ചകോടിയിൽ ആരംഭം കുറിക്കും.

ഇന്തോ-പസഫിക്കിൽ സുസ്ഥിര തുറമുഖ വികസനം പിന്തുണയ്ക്കുന്നതിന് ക്വാഡിൻ്റെ കൂട്ടായ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തും. തീവ്രവാദ ആക്രമണം, പകർച്ചവ്യാധി, പ്രകൃതി ദുരന്തങ്ങൾ, സെെബർ വെല്ലുവിളി എന്നീ പ്രശ്നങ്ങളെ കരയില്‍ നിന്ന് നേരിടുന്നതിന് സജ്ജമാക്കുന്ന വിധത്തില്‍ തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രകൃതി ദുരന്തങ്ങളെ പങ്കാളിത്തത്തോടെ നേരിടുക എന്ന ലക്ഷ്യത്തോടെയുള്ള പെെലറ്റ് പദ്ധതിയാണ് ഇന്‍ഡോ-പസഫിക് ലോജിസ്റ്റിക് നെറ്റ്‌വർക്ക്. മെച്ചപ്പെട്ട ഡിസാസ്റ്റർ മാനേജ്മെന്‍റിനായി അടിസ്ഥാന സൌകര്യങ്ങള്‍ പങ്കുവയ്ക്കലാണിത്. സേനാ സഹായം എയർലിഫ്റ്റ് അടക്കം പരസ്പരം പ്രയോജനപ്പെടുത്തി ദുരന്തനിവാരണ ശക്തി മെച്ചപ്പെടുത്താന്‍ പദ്ധതി ഉപകരിക്കും.

ക്വാഡ് രാജ്യങ്ങളിലെ ഡിജിറ്റല്‍ മേഖലയിലെ അടിസ്ഥാന സൗകര്യവികസനമാണ് ഡിപിഐ പദ്ധതി. അതത് രാജ്യങ്ങളുടെ നിയമചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് സാങ്കേതികവിദ്യ പങ്കുവയ്ക്കാനുള്ള അവസരമാണിത്. സെമി കണ്ടക്ടർ ഉത്പാദക ശൃംഖലകളില്‍ ആരോഗ്യകരമായ മത്സരത്തെ പ്രോത്സാഹിപ്പിക്കുന്ന ധാരണാപത്രവും ഉച്ചകോടിയില്‍ ഒപ്പുവെച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com