ഡാർക് ടൂറിസം മുതൽ ഹേറ്റ് ക്യാംപയിൻ വരെ; വയനാട് ദുരന്തത്തിന് പിന്നാലെ കേരളത്തിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന പ്രചാരണവും വ്യാപകമായ തോതിൽ നടക്കുന്നുണ്ട്
ഡാർക് ടൂറിസം മുതൽ ഹേറ്റ് ക്യാംപയിൻ വരെ; വയനാട് ദുരന്തത്തിന് പിന്നാലെ കേരളത്തിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾ
Published on

ചൂരൽമലയിലെ ദുരന്തത്തിൽ നിന്ന് നാട് ഇനിയും മുക്തി നേടിയിട്ടില്ല. കേരളത്തെയാകെ പിടിച്ചുലച്ച ദുരന്തത്തിന് പിന്നാലെ പല തരത്തിലുള്ള പ്രചാരണങ്ങളാണ് കേരളത്തിലൊട്ടാകെ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന പ്രചാരണവും വ്യാപകമായ തോതിൽ നടക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായി ഇതിനിടെ നടന്ന വ്യാജ പ്രചാരണങ്ങളിൽ സംസ്ഥാന വ്യാപകമായി 14 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെന്ന് കേരളാ പൊലീസ് അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് നാല് കേസുകൾ, എറണാകുളം സിറ്റി - രണ്ട് കേസുകൾ, പാലക്കാട് - രണ്ട് കേസുകളും രജിസ്റ്റർ ചെയ്തപ്പോൾ, കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളിലായി ഒന്നു വീതം കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ലഭ്യമാകുന്ന വിവരം.

ഡാർക് ടൂറിസം, ചെർണോബിൽ തുടങ്ങിയ ടെലിവിഷൻ ഷോകൾ മരണം കാണാനുള്ള കരിയാത്രകളാണ്. വയനാട്ടിലേക്ക് ഇപ്പോൾ നടക്കുന്നതിനേയും ഡാർക് ടൂറിസം എന്നാണ് വിശേഷിപ്പിക്കുന്നത്. ദുരന്തമുഖങ്ങളിലേക്ക് അത്തരം യാത്രകൾ വേണ്ടെന്ന് കേരളാ പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഡാർക് ടൂറിസം പോലെ നിരവധി ഹേറ്റ് ക്യാംപയിനുകളും കേരളത്തിൽ ഇപ്പോൽ സജീവമാണ്.

കേരളത്തിന് മുന്നറിയിപ്പു നൽകിയിട്ടും ഒന്നും ചെയ്തില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ഏറ്റുപിടിച്ചാണ് മറ്റുചില പ്രചരണങ്ങൾ നടക്കുന്നത്. ഉരുൾപൊട്ടലുണ്ടാകുമെന്ന് 23ന് തന്നെ അറിയിച്ചു എന്നു വരെ പ്രചരിപ്പിക്കുന്നുണ്ട്. മഴയുടെ പതിവു മുന്നറിയിപ്പ് കൂടാതെ മറ്റു അറിയിപ്പുകളൊന്നും നൽകിയിരുന്നില്ലെന്ന് ഐഎംഡി ഡയറക്ടർ തന്നെ കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. റെഡ് അലേർട്ട് പോലും ഉരുൾപൊട്ടിയ ശേഷമാണ് നൽകിയതെന്നും സ്ഥിരീകരണമുണ്ട്. പക്ഷേ സോഷ്യൽ മീഡിയയിൽ കേരളത്തിനു വീഴ്ചയുണ്ടായി എന്ന തരത്തിൽ ഇപ്പോഴും ആളുകൾ കമന്‍റ് ചെയ്തുകൊണ്ടേ ഇരിക്കുന്നു.

ഇതിനൊപ്പമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകരുത് എന്ന പ്രചരണവും നടക്കുന്നത്. ഇത്തരം പ്രചാരണങ്ങൾക്ക് എതിരേ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെ ഡിജിപിക്ക് പരാതി നൽകി. പക്ഷേ, പണം നൽകരുത് എന്ന പോസ്റ്ററുകൾ വാട്സ് ആപ് ഗ്രൂപ്പുകൾ വഴി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അല്ലാതെ മറ്റൊരു തരത്തിലും സംഭാവന നൽകരുത് എന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ സേവാഭാരതി സ്വന്തം നിലയ്ക്ക് പിരിവ് നടത്തുന്നുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്.

ഇതിനിടെ നടി നിഖിലാ വിമൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലുള്ള ദുരിത്വാശ്വാസ ക്യാംപിൽ പങ്കെടുത്ത ചിത്രം ആർഎസ്എസിന്‍റേതായും ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾ ഒന്നടങ്കം ഏറ്റെടുത്ത ഫണ്ട് സമാഹരണത്തിനിടയിൽ ഉണ്ടാകുന്ന ഇത്തരം പ്രചരണങ്ങൾ വിദ്വേഷം പരത്തും.

ആകെ 194 പോസ്റ്റുകൾ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും വ്യാജപ്രചരണത്തിൻ്റെ ഭാഗമായി കണ്ടെത്തിയത്. ഇവ നീക്കം ചെയ്യുന്നതിന് സാമൂഹ്യമാധ്യമങ്ങൾക്ക് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങൾ നിരീക്ഷിക്കുന്നതിൻ്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിൽ സൈബർ പൊലീസിൻ്റെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. പോസ്റ്റുകൾ ഷെയർ ചെയ്യുന്നവർക്കെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com