നൂറ് വർഷത്തിലേറെ പഴക്കമുള്ള റേഡിയോ മുതൽ പുതുപുത്തൻ സൗണ്ട് സിസ്റ്റങ്ങൾ വരെ; അപൂർവ ശേഖരവുമായി കണ്ണൂരിലെ ശ്രീജിത്ത്

പഴയകാല ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ് ശ്രീജിത്തിന്റെ ഈ ശേഖരം
നൂറ് വർഷത്തിലേറെ പഴക്കമുള്ള റേഡിയോ മുതൽ പുതുപുത്തൻ സൗണ്ട് സിസ്റ്റങ്ങൾ വരെ; അപൂർവ ശേഖരവുമായി കണ്ണൂരിലെ ശ്രീജിത്ത്
Published on



നൂറിലേറെ വർഷം പഴക്കമുള്ള റേഡിയോ മുതൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ അപൂർവ ശേഖരം ഒരുക്കിയിരിക്കുകയാണ് കണ്ണൂർ മട്ടന്നൂരിലെ ശ്രീജിത്ത്. നിലയങ്ങൾ മാറി മാറി കേട്ട റേഡിയോ ഗാനങ്ങൾ. റീ വൈൻഡ് അടിച്ച് പിന്നെയും പിന്നെയും കേട്ട പാട്ട് കേസറ്റുകൾ. നിറമില്ലാതെ മിന്നിമറഞ്ഞ ടിവി സ്‌ക്രീനുകൾ. വാടകയ്‌ക്കെടുത്ത വിസിആറും കാസറ്റുകളും. ആ ഗൃഹാതുര സ്മരണകളുടെ നേർക്കാഴ്ചയാണ് മട്ടന്നൂർ മരുതായി മേറ്റടിയിലെ ശ്രീജിത്ത് ഒരുക്കുന്നത്. പഴയകാല ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ് ശ്രീജിത്തിന്റെ ഈ ശേഖരം.

100 വർഷത്തിലേറെ പഴക്കമുള്ള റേഡിയോ മുതൽ പുതുപുത്തൻ സൗണ്ട് സിസ്റ്റങ്ങൾ വരെ ശ്രീജിത്തിന്റെ ശേഖരത്തിലുണ്ട്. 160 ഓളം റേഡിയോകളും ടേപ്പ് റെക്കോർഡറുകളും. ഇതിൽ 90 ശതമാനവും പ്രവർത്തിക്കുന്നവ. വ്യവസായ വാണിജ്യ വകുപ്പിൽ ഡെപ്യൂട്ടി രജിസ്ട്രാർ ആയ ശ്രീജിത്ത് പതിറ്റാണ്ടുകളായി നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ഈ ശേഖരം. സ്വിറ്റ്സർലൻഡിൽ നിർമിച്ച ഗ്രാമഫോൺ സ്വാഗതം ചെയ്യുന്ന മുറിയിലേക്ക് കടന്നാൽ പിന്നെ കാണുന്നതെല്ലാം കൗതുകമാണ്.

റീൽ ടു റീൽ സ്പൂൾ പ്ലയെർ, വിവിധ ഇനം ടിവികൾ, വിസിആറുകൾ, ക്യാമറകൾ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. 1960ൽ പുറത്തിറങ്ങിയ മർഫി വാൽവ് റേഡിയോ, ജർമനിയിൽ നിർമിച്ച ടെലിഫുങ്കൻ റേഡിയോ, കെൽട്രോൺ ടേപ്പ് റെക്കോർഡർ, സാൻസുയ് സ്പീക്കർ തുടങ്ങിയവക്കൊപ്പം 3500 ഓഡിയോ കാസറ്റുകളും നിരവധി വീഡിയോ കാസറ്റുകളും, മിനി കാസറ്റുകളും ശ്രീജിത്ത് ശേഖരിച്ചിട്ടുണ്ട്. 1973 ൽ പിതാവ് സ്വന്തമാക്കിയ റേഡിയോ ലൈസൻസും നിധിപോലെ സൂക്ഷിക്കുന്നുണ്ട് ശ്രീജിത്ത്‌. വാട്സാപ്പ് വഴിയാണ് ശേഖരണം. എവിടെയെത്തിയും ശേഖരിക്കുന്ന വസ്തുക്കൾ സ്വന്തമായി റിപ്പയർ ചെയ്താണ് സൂക്ഷിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com