
പങ്കാളിയുടെ സ്വകാര്യത മൗലികാവകാശമെന്ന് മദ്രാസ് ഹൈക്കോടതി. ഒരാൾ തന്‍റെ ജീവിത പങ്കാളിയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതോ, ഒളിഞ്ഞുനോക്കുന്നതോ നിയമത്തിന് അനുവദിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പങ്കാളിയെ രഹസ്യമായി നിരീക്ഷിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, സ്വകാര്യത ലംഘിച്ച് ശേഖരിച്ച തെളിവുകൾ സ്വീകാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനാണ് കേസിൽ വിധി പ്രസ്താവിച്ചത്.
വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിൻ്റെ വിചാരണയ്ക്കിടെയാണ് കോടതിയുടെ അസാധാരണ പ്രസ്താവന. ഭാര്യയുടെ ക്രൂരത, പരപുരുഷബന്ധം തുടങ്ങിയ കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്താൻ ഭർത്താവ് നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാരിന്‍റെ തീരുമാനം. ഭർത്താവ് സാക്ഷിയായി സ്വയം വിസ്തരിക്കുകയും, ഭാര്യയുടെ കോൾ ഡാറ്റ റെക്കോർഡ് ശേഖരിക്കുകയും ചെയ്തു. എന്നാൽ, ഭർത്താവിൻ്റെ പരാതി തള്ളണമെന്ന ഭാര്യയുടെ ഹർജി കോടതി സബ് ജഡ്ജി തള്ളി. ഈ ഉത്തരവിനെതിരെ ഭാര്യ സിവിൽ റിവിഷൻ ഹർജി നൽകുകയായിരുന്നു.
ഭാര്യയുടെ കോൾ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഭർത്താവ് രഹസ്യമായി ശേഖരിച്ചുവെന്നും, ഇത് ഭാര്യയുടെ സ്വകാര്യത ലംഘിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. വിശ്വാസമാണ് ദാമ്പത്യ ബന്ധങ്ങളുടെ അടിസ്ഥാനശില. സ്ത്രീകൾക്ക് അവരുടേതായ സ്വാകര്യതയുണ്ടെന്നും കോടതി പറഞ്ഞു. ഭാര്യയുടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിച്ചതിനാണ് ഭർത്താവിന് കോടതിയുടെ വിമർശനം. ദാമ്പത്യ ബന്ധത്തിലെ വിഷയങ്ങൾ ആരോപിക്കുമ്പോൾ, ആധികാരിക മാർഗങ്ങളിലൂടെ അത് തെളിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.