
കണ്ണൂർ പഴയങ്ങാടിയിൽ തെങ്ങ് വീണ് മരിച്ച പത്ത് വയസുകാരൻ നിസാലിന്റെ ഖബറടക്കം ഇന്ന് നടക്കും. വീടിന് സമീപം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തെങ്ങ് പിഴുതുമാറ്റുന്നതിനിടെയായിരുന്നു അപകടം. സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) രോഗബാധിതനായിരുന്നു മരിച്ച നിസാൽ. നിസാലിന്റെ രണ്ട് സഹോദരങ്ങളും എസ്എംഎ രോഗബാധിതരാണ്.
ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുതുമാറ്റുന്നത് കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു നിസാലും മറ്റ് കുട്ടികളും. നിസാലിന്റെ വീട്ടിലേക്കുള്ള വഴിയോട് ചേർന്ന പറമ്പിൽ വീട് നിർമാണത്തിനായി സ്ഥലം ഒരുക്കുന്നതിനായാണ് തെങ്ങുകൾ പിഴുത് മാറ്റിയത്. ആദ്യത്തെ രണ്ട് തെങ്ങുകളും പറമ്പിലേക്ക് പിഴുത് വീഴ്ത്തുന്നത് നോക്കി റോഡിൽ നിൽക്കുകയായിരുന്നു കുട്ടികൾ. പക്ഷേ മൂന്നാമത്തെ തെങ്ങ് ജെസിബിയുടെ കൈ തട്ടിയ ഉടൻ തന്നെ നിസാലും മറ്റ് കുട്ടികളും നിന്ന റോഡിലേക്ക് ചരിഞ്ഞ് വീഴുകയായിരുന്നു.
ഇരുവശങ്ങളിലേക്കായി മറ്റ് കുട്ടികൾ ഓടിമാറിയെങ്കിലും സ്‌പൈനൽ മസ്കുലർ അട്രോഫി ബാധിതനായ നിസാലിന് ഓടിമാറാനായില്ല. തെങ്ങ് നേരെ കുട്ടിയുടെ തലയിലേക്ക് വീണു. അപകടം നടന്ന ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിസാലിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
വെങ്ങര കക്കാടപ്പുറം ഗവ. വെൽഫെയർ യുപി സ്കൂളിന് സമീപത്തെ കെ.പി.മൻസൂർ- ഇ.എൻ.പി.സമീറ ദമ്പതികളുടെ ഇളയമകനാണ് നാലാം ക്ളാസുകാരനായ നിസാൽ. സഹോദരങ്ങളായ നിഹാൽ, നിയാസ് എന്നിവരും എസ്എംഎ രോഗബാധിതരായി വീൽ ചെയറിലാണ്. മൂന്ന് കുട്ടികളുടെയും ചികിത്സാച്ചെലവിന് ഉൾപ്പടെയുള്ള പണം ഓട്ടോ ഡ്രൈവറായ മൻസൂർ ഏറെ കഷ്ടപ്പെട്ടാണ് കണ്ടെത്തിയിരുന്നത്. ഇതിനിടെ നിനച്ചിരിക്കാതെയുണ്ടായ ദുരന്തം കുടുംബത്തിനൊപ്പം നാടിന്റെയും കണ്ണീരായി.