ഹിസ്ബുള്ള മുൻ തലവൻ ഹസൻ നസ്റള്ളയുടെ സംസ്കാരം ഇന്ന്

നസ്റള്ളയുടെ പിൻഗാമിയായ ഹാഷിം സഫീദ്ദീന് ചടങ്ങില്‍ ആദരവുകള്‍ അർപ്പിക്കും
ഹിസ്ബുള്ള മുൻ തലവൻ ഹസൻ നസ്റള്ളയുടെ സംസ്കാരം ഇന്ന്
Published on

ഹിസ്ബുള്ള മുൻ തലവൻ ഹസൻ നസ്റള്ളയുടെ സംസ്കാരം ഇന്ന്. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ നടന്ന ഇസ്രയേൽ വ്യോമാക്രണത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 27നാണ് നസ്റള്ള കൊല്ലപ്പെട്ടത്. സുരക്ഷാ കാരണങ്ങളാലാണ് പൊതു സംസ്കാര ചടങ്ങുകൾ വൈകിയത്. നസ്റള്ളയെ താത്‌കാലികമായി മറ്റൊരു സ്ഥലത്ത് അടക്കം ചെയ്തിരിക്കുകയായിരുന്നു.  നസ്റള്ളയുടെ പിൻഗാമിയായ കൊല്ലപ്പെട്ട ഹാഷിം സഫീദ്ദീനും ചടങ്ങില്‍ ആദരവുകള്‍ അർപ്പിക്കും. 


നസ്‌റള്ളയുടെ മരണശേഷം ഒരു ആഴ്ച ഹിസ്ബുള്ളയെ നയിച്ച സഫീദ്ദീനെയും ഇസ്രയേലാണ് കൊലപ്പെടുത്തിയത്. ഇസ്രയേൽ ഇന്റലിജൻസ് ഹിസ്ബുള്ളയുടെ അർദ്ധസൈനിക വിഭാഗത്തിലേക്ക് എത്രത്തോളം ആഴത്തിൽ നുഴഞ്ഞുകയറിയെന്നതിന്റെ തെളിവായിരുന്നു സഫീദ്ദീന്റെ മരണം. തിങ്കളാഴ്ച തെക്കൻ ബെയ്റൂട്ടിലാണ് സഫീദ്ദീനെ സംസ്‌കരിക്കുക. നേതൃസ്ഥാനം ഏറ്റെടുക്കും മുന്‍പ് ഹിസ്ബുള്ളയുടെ രാഷ്ട്രീയ കാര്യ വിഭാഗത്തിന്‍റെ മേല്‍നോട്ടം വഹിച്ചിരുന്നത് സഫീദ്ദീനാണ്. സംഘടനയിലെ ജിഹാദ് കൗണ്‍സില്‍ അംഗമായിരുന്നു. നസ്റള്ളയുടെ ബന്ധു കൂടിയായ സഫീദ്ദീന്‍ പൗരോഹിത്യ പശ്ചാത്തലമുള്ള ആളാണ്. സഫീദ്ദീന് സംഘടനയില്‍ വിവിധ പദവികൾ നല്‍കി നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാക്കുകയായിരുന്നു നസ്റള്ള.

ഹിസ്ബുള്ള നിയന്ത്രണത്തിലുള്ള ദക്ഷിണ പ്രാന്തപ്രദേശത്തുള്ള ലബനനിലെ ഏറ്റവും വലിയ സ്‌പോർട്‌സ് വേദിയായ കാമിൽ ചാമൗൺ സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് നസ്റള്ളയുടെ സംസ്കാര ചടങ്ങ് നടക്കുക. ഷിയാ ഇസ്ലാമിസ്റ്റ് സായുധസേനയായ ഹിസ്ബുള്ളയെ 32 വർഷം നയിച്ച നേതാവാണ് ഷെയ്ക് ഹസന്‍ നസ്റള്ള. മുന്‍ഗാമിയായ അബ്ബാസ് അൽ മുസാവിയെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെയാണ് 1992 ഫെബ്രുവരിയില്‍ നസ്റള്ള ഹിസ്ബൊള്ളയുടെ തലപ്പത്തേക്ക് എത്തുന്നത്. മാർഗദർശി കൂടിയായിരുന്ന മുവാസിയുടെ വധത്തിന് പകരം ചോദിക്കാനുള്ള ഉത്തരവാണ് 32ാം വയസില്‍ ചുമതലയേറ്റു കൊണ്ട് നസ്റള്ള ആദ്യം നടത്തിയത്.

ഇറാൻ പാർലമെൻ്റ് സ്പീക്കർ മൊഹമ്മദ് ബാഗർ ഗാലിബാഫും, വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചിയും ബെയ്റൂട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുത്തേക്കും. മുതിർന്ന ഷിയാ രാഷ്ട്രീയ നേതാക്കളും മിലിഷ്യ കമാൻഡർമാരും ഉൾപ്പെടുന്ന ഒരു ഇറാഖി പ്രതിനിധി സംഘം പ്രസിഡന്റിന്റെ വിമാനത്തിൽ ശവസംസ്കാര ചടങ്ങിനായി ബെയ്റൂട്ടിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. ഗ്രാൻഡ് മുഫ്തിയുടെ നേതൃത്വത്തിൽ യമനിലെ ഹൂതികളും ഒരു പ്രതിനിധി സംഘത്തെ അയയ്ക്കുമെന്ന് ഹൂതികളുമായി ബന്ധപ്പെട്ട അൽ മസിറ ടിവി റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പതിനായിരക്കണക്കിന് പേർ പങ്കെടുത്തേക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com