കോട്ടയത്ത് പുഴയിൽ ചാടി ജീവനൊടുക്കിയ ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് നടക്കും

പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹങ്ങൾ ഏറ്റുമാനൂരിലെ ഭർതൃ വീട്ടിലേക്ക് കൊണ്ടുപോകും
കോട്ടയത്ത് പുഴയിൽ ചാടി ജീവനൊടുക്കിയ ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് നടക്കും
Published on


കോട്ടയം അയർക്കുന്നത്ത് പുഴയിൽ ചാടി ജീവനൊടുക്കിയ ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് നടക്കും. പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹങ്ങൾ ഏറ്റുമാനൂരിലെ ഭർതൃ വീട്ടിലേക്ക് കൊണ്ടുപോകും. ശേഷം പാലാ മുത്തോലിയിലെ ജിസ്മോളുടെ വീട്ടിലേക്കും മൃതദേഹങ്ങൾ എത്തിക്കും. മുത്തോലിയിലെ പള്ളിയിലാണ് സംസ്കാരം. അതേസമയം, ജിസ്മോളും മക്കളും ആത്മഹത്യ ചെയ്യാൻ കാരണം ഭർതൃവീട്ടിലെ പീഡനങ്ങൾ ആണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് ജിസ്മോളുടെ കുടുംബം.

പൊലീസ് കഴിഞ്ഞ ദിവസം പിതാവും സഹോദരനും ഉൾപ്പെടെയുള്ള ആളുകളുടെ മൊഴി ശേഖരിച്ചിരുന്നു. നിറത്തിൻ്റെ പേരിലും സാമ്പത്തികത്തിൻ്റെ പേരിലും ഭർതൃമാതാവ് ജിസ്‌മോളെ ഉപദ്രവിച്ചിരുന്നു. പലതവണ ജിസ്‌മോളെ ഭർതൃവീട്ടിൽ നിന്ന് കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ ജിസ്മോളെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഭർത്താവ് ജിമ്മി ഫോൺ വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നുണ്ടെന്നും സഹോദരൻ പറഞ്ഞു. മുൻപ് ഉണ്ടായ പീഡനങ്ങളുടെ വിവരങ്ങളെക്കുറിച്ചും ഇരുവരും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

ഏപ്രിൽ 15നാണ് കോട്ടയം പാലാ സ്വദേശിയായ ജിസ്മോൾ തോമസ് (34), മക്കളായ നോഹ (5), നോറ (2) എന്നിവർ മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയത്. ഉച്ചയോടെ നാട്ടുകാരാണ് പേരൂർ കണ്ണമ്പുരക്കടവിൽ ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെ കണ്ടെത്തിയത്. ഉടൻ തന്നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കണ്ണമ്പുര ഭാഗത്ത് നിന്നും ജിസ്മോളുടെ സ്‌കൂട്ടർ കണ്ടെത്തിയിരുന്നു.


ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. പുറത്തും മുറിവുണ്ട്. രണ്ട് മക്കളുടെയും ഉള്ളിൽ അണുനാശിനിയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. ജിസ്മോളുടെ മുറിയിൽ നടത്തിയ പരിശോധനയിൽ പൊലീസ് വിഷകുപ്പി കണ്ടെത്തിയിരുന്നു. യുവതി നേരത്തെ കൈമുറിച്ചും ആത്മഹത്യ ശ്രമിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com