ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി നൽകിയവരെ നേരിൽ കണ്ട് സംസാരിക്കും; അതിവേ​ഗ നടപടിക്കൊരുങ്ങി അന്വേഷണ സംഘം

ഇതിൽ 20 പേരുടെ മൊഴി ഗൗരവതരമെന്ന് ഇന്നലെ ചേർന്ന അന്വേഷണസംഘത്തിൻ്റെ യോഗം വിലയിരുത്തി
ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി നൽകിയവരെ നേരിൽ കണ്ട് സംസാരിക്കും; അതിവേ​ഗ നടപടിക്കൊരുങ്ങി അന്വേഷണ സംഘം
Published on

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുള്ള പരാതികളിൽ അതിവേഗ നടപടിക്ക് ഒരുങ്ങി അന്വേഷണസംഘം. കമ്മിറ്റിക്കു മുൻപിൽ മൊഴി നൽകിയവരെ നേരില്‍ കണ്ട് സംസാരിക്കും.  ഇതിൽ 20 പേരുടെ മൊഴി ഗൗരവതരമെന്ന് ഇന്നലെ ചേർന്ന അന്വേഷണസംഘത്തിൻ്റെ യോഗം വിലയിരുത്തി. നാല് സംഘങ്ങളായി തിരിഞ്ഞായിരിക്കും മൊഴിയെടുക്കൽ നടക്കുക. ഭൂരിഭാഗം പേരെയും 10 ദിവസത്തിനകം നേരിട്ടു ബന്ധപ്പെടാനാണ് എസ്ഐടി തീരുമാനിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച കേസ് ഒക്ടോബർ 3ന് ഹൈക്കോടതി പരിഗണിക്കും. ഉടൻതന്നെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിരുന്നു. എഐജി പൂങ്കഴലിയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യ ഘട്ടത്തില്‍ ഒന്‍പത് നടിമാരെ നേരില്‍ കണ്ട് മൊഴി എടുക്കുവാനാണ് തീരുമാനിച്ചിരുന്നത്. മൊഴി നൽകാൻ താൽപര്യം പ്രകടിപ്പിക്കാത്ത അഭിനേതാക്കളെ അന്വേഷണസംഘം നേരിട്ട് കാണുവാനും തീരുമാനിച്ചിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com