'നെന്മാറ ഇരട്ടക്കൊലപാതകം പൊലീസ് സംരക്ഷണമൊരുക്കാത്തതിനാല്‍'; ആഭ്യന്തര വകുപ്പിനെ വിമർശിച്ച് ജി. സുധാകരൻ

കാര്യങ്ങൾ കൃത്യമായി ചെയ്താൽ വകുപ്പുകൾ നന്നായി ഭരിക്കാമെന്നും സുധാകരൻ പറഞ്ഞു
ജി. സുധാകരന്‍
ജി. സുധാകരന്‍
Published on

നെന്മാറ ഇരട്ടക്കൊലപാതകത്തിൽ ആഭ്യന്തര വകുപ്പിനെ വിമർശിച്ച് സിപിഎം നേതാവ് ജി.സുധാകരൻ. രണ്ട് പേരുടെ കൊലപാതകത്തിന് കാരണം പൊലീസ് സംരക്ഷണമൊരുക്കാത്തത് കൊണ്ടാണെന്ന് സിപിഎം നേതാവ് ആരോപിച്ചു. സസ്പെൻഷൻ പലർക്കും പണിഷ്മെന്റല്ലെന്നും ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്താൽ വകുപ്പുകൾ നന്നായി ഭരിക്കാമെന്നും സുധാകരൻ പറഞ്ഞു. മഹാത്മാ ​ഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് ആലപ്പുഴ എസ്എൽ പുരം ​ഗാന്ധി സ്മാരക ​ഗ്രാമ സേവാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജി. സുധാകരൻ.



"അരാജകത്വം പട‍ർന്നുകൊണ്ടേയിരിക്കുകയാണ് കേരളീയ സമൂഹത്തിൽ. പൊലീസ് അതൊന്നും വക വയ്ക്കുന്നില്ല. പൊലീസ് സ്റ്റേഷനിൽ ഒരു പരാതികൊടുത്താൽ അത് വായിച്ച് നോക്കി പരാതിയെടുക്കാത്തത് കൊണ്ടല്ലേ രണ്ട് പേരെ വെട്ടിക്കൊന്നത്", സുധാകരന്‍ പറഞ്ഞു. 

സസ്പെൻഷൻ പണിഷ്മെന്റല്ലെന്നും ആറ് മാസം കഴിഞ്ഞാൽ മുഴുവൻ ശമ്പളവും കിട്ടുമെന്നും ജി. സുധാകരന്‍ പറഞ്ഞു . പലരും സസ്പെൻഷൻ ചോദിച്ചു വാങ്ങുമെന്നും സുധാകരൻ പരിഹസിച്ചു.

"ആർക്കും വകുപ്പുകൾ നന്നായി ഭരിക്കാൻ പറ്റും. ചെയ്യേണ്ട കാര്യം ചെയ്താൽ മതി. ചെയ്യേണ്ടാത്ത കാര്യം ചെയ്യരുത്. അതിന് ലക്ഷ്യമുണ്ടാകണം", സുധാകരന്‍ കൂട്ടിച്ചേർത്തു.

നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിനു പിന്നാലെ നെന്മാറ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍ നൽകിയിരുന്നു. എസ്എച്ച്ഒ മഹീന്ദ്ര സിംഹനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും നടപടിയെടുക്കാത്തതിലാണ് നടപടി. കൊലപാതകത്തില്‍ എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയതായി പാലക്കാട് എസ്പി തൃശൂര്‍ റേഞ്ച് ഡിഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജാമ്യവ്യവസ്ഥയില്‍ നെന്മാറ പഞ്ചായത്തില്‍ പ്രതി ചെന്താമരയ്ക്ക് പ്രവേശന വിലക്കുണ്ടായിരുന്നു. നാട്ടുകാര്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല. പൊലീസ് ഇന്റലിജന്‍സിനും വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. പൊലീസിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.

ജനുവരി 27ന് രാവിലെ പത്തുമണിയോടെയാണ് ചെന്താമര സുധാകരനേയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊന്നത്. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ലക്ഷ്മി മരിച്ചത്. ഇരുവരുടേയും ദേഹമാസകലം വെട്ടേറ്റ നിലയിലായിരുന്നു. വെട്ടിക്കൊന്ന ശേഷം ചെന്താമര കടന്നു കളഞ്ഞു. മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് ഇയാൾ പിടിയിലായത്.

അഞ്ച് വര്‍ഷം മുമ്പാണ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊന്നത്. ലോറി ഡ്രൈവറായിരുന്നു ചെന്താമര. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ ഇയാളില്‍ നിന്നും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഭാര്യയും താനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം സുധാകരന്റെ ഭാര്യ സജിതയാണെന്ന ധാരണയാണ് ആദ്യത്തെ കൊലപാതകത്തിലേക്ക് നയിച്ചത്. സജിതയും ചെന്താമരയുടെ ഭാര്യയും അടുത്ത സുഹൃത്തുക്കളായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com