മുതിര്‍ന്നവരെ ബഹുമാനിക്കണം, പെന്‍ഷന്‍ കൊടുത്ത് മുടിഞ്ഞെന്ന് ആരും പറയരുത്; സജി ചെറിയാനെ പരോക്ഷമായി വിമര്‍ശിച്ച് ജി. സുധാകരന്‍

അവര്‍ക്ക് പെന്‍ഷന്‍ കൊടുത്ത് മുടിഞ്ഞു എന്നൊന്നും പറഞ്ഞ് കളയരുത്. നമ്മുടെ പാര്‍ട്ടി ഇത് പറഞ്ഞിട്ടില്ല.
മുതിര്‍ന്നവരെ ബഹുമാനിക്കണം, പെന്‍ഷന്‍ കൊടുത്ത് മുടിഞ്ഞെന്ന് ആരും പറയരുത്; സജി ചെറിയാനെ പരോക്ഷമായി വിമര്‍ശിച്ച് ജി. സുധാകരന്‍
Published on


മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശനത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നും പെന്‍ഷന്‍ കൊടുത്ത് മുടിഞ്ഞു എന്ന് ആരും പറയരുതെന്നുമായിരുന്നു ജി. സുധാകരന്റെ പ്രസ്താവന. ടി.വി. തോമസ് അനുസ്മരണ പരിപാടിയില്‍ കയര്‍ മേഖലയുമായി ബന്ധപ്പെട്ട സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു ജി. സുധാകരന്റെ വിമര്‍ശനം.

'മുതിര്‍ന്ന ആളുകളെ ബഹുമാനിക്കണം. പക്ഷെ അവരുടെ തെറ്റായ ആശയങ്ങളെ ഉള്‍ക്കൊള്ളേണ്ടതില്ല. കാരണം ഇത് ജനാധിപത്യമാണ്. മുതിര്‍ന്നവരെ ബഹുമാനിക്കണമെന്ന് പറഞ്ഞാല്‍ പോര. ബഹുമാനിക്കണം. അവര്‍ക്ക് പെന്‍ഷന്‍ കൊടുത്ത് മുടിഞ്ഞു എന്നൊന്നും പറഞ്ഞ് കളയരുത്. നമ്മുടെ പാര്‍ട്ടി ഇത് പറഞ്ഞിട്ടില്ല. മുതിര്‍ന്നവരെ സംരക്ഷിക്കണം എന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്നത്,' ജി. സുധാകരന്‍ പറഞ്ഞു.

മരണനിരക്ക് കുറഞ്ഞതിനാല്‍ പെന്‍ഷന്‍ കൊടുക്കുന്നത് കൂടുതലാണ് എന്നായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന. ആലപ്പുഴയില്‍ കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സജി ചെറിയാന്‍ വിവാദ പരാമര്‍ശം നടത്തിയത്.

മര്‍ക്കട മുഷ്ടിക്കാരനെന്നാണ് എസ്എഫ്‌ഐ നേതാവ് ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിനെ എസ്എഫ്‌ഐ നേതാക്കളെ തിരുത്തിയില്ലെന്നും ജി. സുധാകരന്‍ ഇന്ന് പറഞ്ഞു. തങ്ങള്‍ എല്ലാവരും മുതിര്‍ന്നവരാണ് മുതിര്‍ന്ന നേതാക്കളൊക്കെ മര്‍ക്കട മുഷ്ടിക്കാരാണെന്ന് പറയരുത്. 62 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതിന് കിട്ടിയ അവാര്‍ഡ് ആണിതെന്നും ഇത് തെറ്റാണെന്ന് ആരും പറഞ്ഞില്ലെന്നും ചിലര്‍ അതിന് പിന്തുണച്ചുവെന്നും ജി. സുധാകരന്‍ പറഞ്ഞു. യോഗ്യതയില്ലാത്തവര്‍ സ്ഥാനത്ത് കയറിയാല്‍ അധികനാള്‍ ഇരിക്കില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.


രാഷ്ട്രീയത്തില്‍ പുതിയ കാര്യങ്ങള്‍ സംഭവിക്കുന്നു. ബിജെപി ആര്‍എസ്എസ് അംഗമല്ലാത്ത ഒരാളെ പ്രസിഡന്റായി കൊണ്ടുവന്നു. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞാലെ നിലനില്‍ക്കാനാകൂ എന്ന് ആര്‍എസ്എസും ബിജെപിയും മനസിലാക്കി. കമ്യൂണിസ്റ്റുകള്‍ ഇത് മനസിലാക്കിയാണ് അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസ് ഇത് മനസിലാക്കിയില്ല, 10 വര്‍ഷമായി അധികാരത്തിന് പുറത്താണ്. ജനങ്ങള്‍ക്ക് നല്ല വിവരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com