
തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി. സുധാകരൻ. 1989ൽ കെ.വി. ദേവദാസ് മൽസരിച്ച തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് സുധാകരൻ്റെ വെളിപ്പെടുത്തൽ. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയതെന്നും കേസെടുത്താൽ പ്രശ്നമില്ലെന്നും സുധാകരൻ വ്യക്തമാക്കി. എന്‍ജിഒ യൂണിയന് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആലപ്പുഴയില്‍ സംഘടിപ്പിച്ച 'സമരക്കരുത്തിൽ ഓർമത്തിരകൾ പൂര്‍വകാല നേതൃസംഗമം', എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജി. സുധാകരൻ.
"തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് ചെയ്യുമ്പോൾ എൻജിഒ യൂണിയൻകാർ വേറെ ആളുകൾക്ക് വോട്ടുചെയ്യരുത്. കുറച്ച് പേർ അങ്ങനെ ചെയ്യുന്നുണ്ട്. ഒട്ടിച്ച് തന്നാൽ അറിയില്ലെന്ന് കരുതണ്ട. കൈയിൽ തന്നാൽ ഞങ്ങൾ അത് പൊട്ടിക്കും, അല്ലേൽ തരരുത്. നേരിട്ട് പോസ്റ്റ് ചെയ്തോളൂ," സുധാകരൻ പറഞ്ഞു.
ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വക്കം പുരുഷോത്തമനെതിരെ സിപിഐഎം സ്ഥാനാർഥിയായി കെ.വി. ദേവദാസ് മത്സരിച്ച തെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള പരാമർശം. "ദേവദാസിനെ ആർക്കും അറിയില്ലായിരുന്നു. എന്നിട്ടും 18,000 വോട്ടിനാണ് തോറ്റത്. അത്ര വലിയ നേതാവായിരുന്നു. ആ തെരഞ്ഞെടുപ്പിൽ ഡിസി ഓഫീസിൽ വെച്ച് പോസ്റ്റൽ ബാലറ്റ് ഞങ്ങൾ പൊട്ടിച്ചു. 15 ശതമാനം പേർ വോട്ട് ചെയ്തത് അപ്പുറത്തായിരുന്നു," സുധാകരന് വെളിപ്പെടുത്തി.
എൻജിഒ യൂണിയനിൽപ്പെട്ടവരെല്ലാം ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്നില്ലെന്നും സുധാകരന് പറഞ്ഞു. സംഘടനയുടെ ഭരണഘടനയിൽ രാഷ്ട്രീയമില്ലെന്നാണ് പറയുന്നത്. ഏതു പാർട്ടിക്കാർക്കും സംഘടനയില്‍ ചേരാം. പിന്നെന്തുകൊണ്ട് വോട്ട് ചെയ്യുന്നത് മറുപക്ഷത്തിനാണെന്ന് തുറന്ന് പറയുന്നില്ല. ഒട്ടിച്ച് തന്നാൽ അറിയില്ലെന്ന് വിചാരിക്കേണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.