
യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തിൽ ചൈന പിന്തുണയ്ക്കുന്നെന്ന് ജി7. യുക്രൈനെതിരായ യുദ്ധത്തെ പിന്തുണയ്ക്കുന്നവർക്കെതിരെ കൂടുതൽ ഉപരോധങ്ങളുണ്ടാകുമെന്നും ഉച്ചകോടി മുന്നറിയിപ്പ് നൽകി. ജി7 ഉച്ചകോടിയുടെ സമാപനത്തിലാണ് ചൈനയ്ക്കെതിരെ ലോകത്തിലെ മുൻനിര സാമ്പത്തിക ശക്തികൾ നിലപാട് കടുപ്പിച്ചത്.
റഷ്യയുടെ പ്രതിരോധ വ്യവസായിക അടിത്തറയ്ക്ക് ചൈന നൽകുന്ന പിന്തുണ, യുക്രൈനെതിരായ നിയമവിരുദ്ധ യുദ്ധം തുടരാൻ റഷ്യയെ പ്രാപ്തമാക്കുമെന്ന് ജി7 നേതാക്കൾ ചൂണ്ടിക്കാട്ടി. റഷ്യൻ പ്രതിരോധമേഖലയ്ക്ക് ആയുധങ്ങളും, മറ്റ് യുദ്ധ സാമഗ്രികളും കൈമാറ്റം നടത്തുന്നത് നിർത്തലാക്കാനും ജി7 ചൈനയെ അറിയിച്ചു.
എന്നാൽ, തങ്ങൾക്കെതിരെയുള്ള ആരോപണം ചൈന നിഷേധിച്ചു. ആർക്കും ആയുധങ്ങൾ നൽകിയിട്ടില്ലെന്നും, ഇരട്ട ഉപയോഗമുള്ള വസ്തുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചൈന വിശദീകരിച്ചു. അധിനിവേശത്തിൽ തകർന്നുകൊണ്ടിരിക്കുന്ന യുക്രൈനെ ശക്തീകരിക്കുകയെന്നതായിരുന്നു ജി7ൻ്റെ പ്രധാന അജൻഡ.
തെക്കൻ ഇറ്റലിയിലെ അപുലിയ ജില്ലയിലെ സാവെല്ലത്രി പട്ടണത്തിലാണ് മൂന്ന് ദിവസം നീണ്ട ജി7 ഉച്ചകോടി നടന്നത്. ചൈനയും പാക്കിസ്ഥാനും ചേർന്നുള്ള ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന് ബദലായി ഇന്ത്യ-മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് പിന്തുണ നൽകുമെന്നും ജി7 അറിയിച്ചു.