വയനാട്ടിലേത് വിളിച്ചു വരുത്തിയ ദുരന്തമോ? ഗാഡ്ഗിൽ കമ്മിറ്റി അംഗം ഡോ. വി.എസ് വിജയനും പരിസ്ഥിതി ശാസ്ത്രജ്ഞരും പറയുന്നത്

ആ അപേക്ഷ അന്ന് കേരളമാകെ ഏറ്റെടുത്തു എന്നാൽ ആ ദുരന്ത ചിത്രങ്ങൾ കണ്ണിൽ നിന്ന് മറഞ്ഞതോടെ സർവ്വവും മറന്നു. നമ്മൾ ഒന്നും മാറ്റിയില്ല. പിന്നെ വന്ന മഴക്കാലങ്ങളോരോന്നും ഗാഡ്ഗിൽ റിപ്പോർട്ടിനെ വീണ്ടും വായിച്ചുകേൾപ്പിച്ചു.
വയനാട്ടിലേത് വിളിച്ചു വരുത്തിയ ദുരന്തമോ? ഗാഡ്ഗിൽ കമ്മിറ്റി അംഗം ഡോ. വി.എസ് വിജയനും പരിസ്ഥിതി ശാസ്ത്രജ്ഞരും പറയുന്നത്
Published on

2020 ഓഗസ്റ്റ് ആറിന് രാത്രി, 66 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന് ശേഷം മാധവ് ഗാഡ്ഗിൽ പറഞ്ഞു. 'എന്നെ തള്ളി പറഞ്ഞവർ സുരക്ഷിതരായി, സുഖമായി ജീവിക്കുന്നു. എനിക്കെതിരെ തെരുവിൽ ഇറക്കപ്പെട്ട പാവങ്ങൾ ഇന്ന് മണ്ണിനടിയിലും. ഇനിയെങ്കിലും എന്നെ വിശ്വസിക്കൂ...

ആ അപേക്ഷ അന്ന് കേരളമാകെ ഏറ്റെടുത്തു. എന്നാൽ ആ ദുരന്ത ചിത്രങ്ങൾ കണ്ണിൽ നിന്ന് മറഞ്ഞതോടെ സർവവും മറന്നു. നമ്മൾ ഒന്നും മാറ്റിയില്ല. പിന്നെ വന്ന മഴക്കാലങ്ങളോരോന്നും ഗാഡ്ഗിൽ റിപ്പോർട്ടിനെ വീണ്ടും വായിച്ചുകേൾപ്പിച്ചു. ഇപ്പോഴിതാ വയനാട് മുണ്ടക്കൈ ദുരന്തത്തിലും ഗാഡ്ഗിലും ആ റിപ്പോർട്ടും വാർത്തകളിലുണ്ട്.

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് കണ്ടുവരുന്ന ദുരിതമുഖങ്ങളെ ഒഴിവാക്കാനാകുമായിരുന്നോ? വയനാട്ടിലുണ്ടായിരുന്നത് മനുഷ്യ നിർമിത ദുരന്തമെന്നാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ പാനൽ അംഗം ഡോ. വി.എസ്. വിജയൻ ന്യൂസ് മലയാളത്തോട് പ്രതികരിച്ചത്.

'വയനാട്ടിലേത് വിളിച്ചുവരുത്തിയ ദുരന്തമാണ്. 73 ശതമാനം പശ്ചിമഘട്ടവും പരിസ്ഥിതി ലോല മേഖലയാണ്. ബാക്കി 37 ശതമാനം മാത്രമാണ് സാധാരണ ഉപയോഗത്തിന് പറ്റിയിട്ടുള്ളത്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ ഇപ്പോഴുണ്ടാകുന്ന നൂറ് ശതമാനം പ്രശ്നങ്ങളും ഒഴിവാക്കാമായിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ദുർബല പ്രദേശങ്ങളെ അതിൻ്റെ വ്യാപ്തി കണക്കുകൂട്ടി മൂന്നായി തിരിച്ചിരുന്നു. അതിൽ ആദ്യത്തെ സോണിൽ വരുന്ന അതീവ ലോലമായ പ്രദേശമാണ് ഇപ്പോൾ ഈ മഹാ ദുരന്തമുണ്ടായ പ്രദേശം. റിപ്പോർട്ട് പിന്തുടർന്നിരുന്നെങ്കിൽ  ഒരു പക്ഷെ ഈ ദുരന്തത്തിൻ്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു.' അദ്ദേഹം പറഞ്ഞു.

11 വർഷങ്ങൾക്ക് മുൻപ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ കേരളത്തിലുണ്ടായ പൊല്ലാപ്പ് ചെറുതൊന്നുമല്ല. രാഷ്ട്രീയ ഭേദമന്യേ അന്ന് പ്രതിഷേധങ്ങൾ കനത്തു. നടപ്പിലാക്കില്ലെന്ന് ഉറച്ചുതന്നെ രാഷ്ട്രീയകക്ഷികൾ റിപ്പോർട്ടിലെ വിവാദ പരാമർശങ്ങൾ പ്രതിഷേധങ്ങൾക്ക് മരുന്നാക്കി. റിപ്പോർട്ടിനെ പിന്തുണച്ച പി ടി തോമസിനെതിരെ രൂപതകൾ  കേരളത്തിലുടനീളം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൻ്റെ സദുദ്ദേശ്യപരമായ പല നിർദ്ദേശങ്ങളും ആശയക്കുഴപ്പമുണ്ടാകുന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടെന്നും സമൂഹത്തിലെ ചില പ്രത്യേക തട്ടിലുള്ളവരെ മാത്രം കേന്ദ്രീകരിച്ചായിരുന്നു റിപ്പോർട്ടിലെ ചർച്ചകൾ മുന്നേറിയതെന്നുമാണ് കാലാവസ്ഥാ ശാസ്ത്രജ്ഞനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. ഗോപകുമാർ ചോലയിൽ ന്യൂസ് മലയാളത്തോട് പറഞ്ഞത്. ഇതേ രീതിയിൽ തന്നെ മുന്നോട്ട് പോയാൽ നമുക്ക് അപരിചിതമായ പ്രകൃതി ദുരന്തങ്ങൾ പോലും സമീപ ഭാവിയിൽ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയാൽ തൊട്ടടുത്ത ദിവസം പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. എന്നാൽ വളരെ വൈകാതെ പ്രകൃതി ദുരന്തങ്ങളുടെ തോത് കുറയ്ക്കാൻ അത് സഹായിക്കുമെന്നു പറയുന്നു ജിയോ സയിൻ്റിസ്റ്റും നാഷണൽ ജിയോ സയൻസ് പ്രൊഫസർ സി പി രാജേന്ദ്രൻ.

' റിപ്പോർട്ട് നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. റിപ്പോർട്ടിലെ പരാമർശങ്ങൾ ഇന്ന് നടപ്പാക്കിയാൽ നാളെ അതിൻ്റെ ഫലം ലഭിക്കുമെന്നല്ല. സമീപ ഭാവിയിൽ തന്നെ കേരളത്തിൽ അതിൻ്റെ പ്രതിഫലനങ്ങൾ കാണാൻ സാധിക്കും . ഇപ്പോഴുണ്ടായ ദുരന്തങ്ങളുടെ പരിസരമെടുത്താലും ധാരാളം ക്വാറികളും അനധികൃത കെട്ടിടങ്ങളും അവിടെയുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയാൽ വരാനിരിക്കുന്ന ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാനെങ്കിലും നമ്മുടെ മലയോരവാസികളെ പ്രാപ്തരാക്കാം.' അദ്ദേഹം പറഞ്ഞു.

ഇന്ന് കേരളം കണ്ട ഏറ്റവും വലിയ ദുരന്തമുഖത്ത് മരണം 366 ആയെന്നാണ് ഔദ്യോഗിക കണക്കുകൾ. ആ ദുരന്തമുഖത്ത് ഉണ്ടായിരുന്നത് നിരവധി അനധികൃത കെട്ടിടങ്ങളും ഹിൽസ്‌റ്റേഷനുകളുമാണ്. ഗാഡ്ഗിൽ ഒഴിവാക്കാൻ നിർദേശിച്ചിരുന്നതും അവയൊക്കെതന്നെ. ഇപ്പോൾ വയനാട് ദുരന്തമേഖലയിലെ ഖനനം, ക്വാറികൾ, നിർമാണപ്രവർത്തനങ്ങൾ, റോഡുകൾ എന്നിവയുടെ റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. പുനർവായനയ്ക്കുള്ള സമയമായോ എന്ന് തീരുമാനിക്കേണ്ടത് അധികൃതരാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com