
കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ സ്വന്തം മണ്ഡലത്തിൽ നീല ബസുമായി മന്ത്രി ഗണേഷ് കുമാറിൻ്റെ പരീക്ഷണം. പത്തനാപുരം - കൊട്ടാരക്കര റൂട്ടിലാണ് മികച്ച മൈലേജ് വാഗ്ദാനം നൽകുന്ന ഐഷർ കമ്പനിയുടെ ബസിൻ്റെ സർവീസ് നടത്തുന്നത്.
ഒറ്റനോട്ടത്തിൽ സ്വകാര്യ ബസ് ആണെന്ന് തോന്നിക്കും വിധമാണ് പുതിയ കെഎസ്ആർടിസി ബസിൻ്റെ ഘടന. നീല നിറമാണ് ബസിൻ്റെ ആകർഷണം. ഒരേസമയം 50 ലധികം യാത്രക്കാർക്ക് ഇതിൽ സഞ്ചരിക്കാം. മുന്നിലും പിന്നിലും ഇലക്ട്രിക് ഡോറുകൾ,ക്യാമറ സംവിധാനം എന്നിവയും ബസിൽ ഒരുക്കിയിട്ടുണ്ട്.
കൊട്ടാരക്കര, കുന്നിക്കോട് പത്തനാപുരം റൂട്ടിലാണ് സർവീസ് നടത്തുന്നത്. ഒരു മാസത്തോളം ബസ് ഈ റൂട്ടിൽ പരീക്ഷണയോട്ടം നടത്തും. പുതിയ നിറത്തിലുള്ള ബസ് ആയതിനാൽ യാത്രക്കാരിലും ഇത് കൗതുകമുണർത്തുന്നു.
ബസിന് മികച്ച മൈലേജാണ് ഐഷർ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. പരീക്ഷണ ഓട്ടം വിജയിച്ചാൽ കൂടുതൽ ബസ്സുകൾ വാങ്ങാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. പുതിയ ബസ്സുകൾ അവതരിപ്പിക്കുന്നതിലൂടെ കെഎസ്ആർടിസിയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് കോർപ്പറേഷനും മന്ത്രിയും.