
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന ഭരണ സിരാ കേന്ദ്രത്തിൽ ഗുണ്ടാ ആക്രമണം സജീവമാകുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിടെ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 48 ഗുണ്ടാ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ കാലയളവിൽ 37 അരുംകൊലകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഗുണ്ടാപ്പകയെ തുടർന്നായിരുന്നു നാടിനെ നടുക്കിയ കൊലപാതകങ്ങളേറെയും നടന്നത്.
കൊലക്കേസ് പ്രതി വെട്ടു കത്തി ജോയിയെ പൗഡിക്കോണത്ത് ഓട്ടോറിക്ഷ തടഞ്ഞിട്ട് വെട്ടിക്കൊലപ്പെടുത്തിയതാണ് ഏറ്റവും ഒടുവിലത്തെ കൊലപാതകം. രക്തം വാർന്ന് രണ്ടുമണിക്കൂറോളം റോഡിൽ കിടന്ന ജോയിയെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Also Read: വെട്ടുകത്തി ജോയ് വധക്കേസ്; അഞ്ചുപേർ പിടിയിൽ
സിറ്റി മേഖലയിലും, റൂററിലും ഗുണ്ടാസംഘങ്ങൾ തമ്മിൽ കുടിപ്പക നിലനിൽക്കുന്നുണ്ടെന്നും അക്രമം നടക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ പ്രത്യേക സ്‌ക്വാഡുകളുടെ നിരീഷണം ശക്തമാക്കാൻ നിർദേശമുണ്ടെങ്കിലും എല്ലാം പേരിലൊതുങ്ങുന്ന സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്. നഗര മേഖലയിൽ വട്ടപ്പാറ, കഴക്കൂട്ടം, പോത്തൻകോട്, തുമ്പ, ശ്രീകാര്യം, മംഗലപുരം മെഡിക്കൽ കോളേജ്, പേട്ട പൊലീസ് സ്റ്റേഷൻ പരിധികളിലാണ് ഗുണ്ടാസംഘങ്ങൾ സജീവമായിട്ടുള്ളതെന്നാണ് ലഭ്യമാകുന്ന വിവരം.