
കാസർഗോഡ് സ്കൂളിൽ പത്താം ക്ലാസ് സെന്റ് ഓഫ് ആഘോഷത്തിന് വിദ്യാർഥികളുടെ വക കഞ്ചാവ് പാർട്ടി. വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിയയാളെ പൊലീസ് പിടികൂടി. കളനാട് സ്വദേശി കെ. കെ. സമീറാണ് പിടിയിലായത്. വിദ്യാർഥികൾക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.
രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വിവരം ലഭിച്ചതിന് പിന്നാലെ സ്‌കൂളും കുട്ടികളും പൊലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ വിദ്യാർഥികളിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. സ്കൂൾ വിദ്യാർഥികൾക്കെതിരെ പൊലീസ് സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കി.
വിദ്യാർഥികൾ തന്നെയാണ് കഞ്ചാവ് എത്തിച്ചുനൽകിയ സമീറിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് നൽകിയത്. എൻഡിപിഎസ് ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയാണ് കഞ്ചാവ് വിതരണം ചെയ്ത പ്രതിക്കു മേൽ ചുമത്തിയിട്ടുള്ള മറ്റു പ്രധാന വകുപ്പുകൾ. കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാരനെ ഇയാൾ ആക്രമിച്ചിരുന്നു. സംഭവത്തിൽ ഇയാൾക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം വാടക വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിലായി. ബംഗാൾ സ്വദേശി എസ്. കെ. ഹാബിലിനെയാണ് ഉദയംപേരൂർ പൊലീസ് പിടികൂടിയത്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ ഡി. ഹണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധനയിലാണ് പ്രതി പിടിയിലായത്.